അഞ്ചില്‍ അഞ്ചും തൂക്കി; ലങ്കയെ ചാരമാക്കി ഇന്ത്യന്‍ പെണ്‍ പട!
Sports News
അഞ്ചില്‍ അഞ്ചും തൂക്കി; ലങ്കയെ ചാരമാക്കി ഇന്ത്യന്‍ പെണ്‍ പട!
ശ്രീരാഗ് പാറക്കല്‍
Tuesday, 30th December 2025, 10:41 pm

ശ്രീലങ്കയ്‌ക്കെതിരെയുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തൂത്തുവാരി ഇന്ത്യ. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തി പരമ്പര വൈറ്റ് വാഷ് ചെയ്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ ഹാസിനി പെരേര 42 പന്തില്‍ നിന്ന് 65 റണ്‍സും ഇമേഷ ദുലാനി 39 പന്തില്‍ നിന്ന് 50 റണ്‍സും നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് പന്തെടുത്തവരെല്ലാം ഓരോ വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, സ്‌നേഹ് റാണ, വൈഷ്ണവി ശര്‍മ, ശ്രീ ചരണി, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളാണ് വീഴ്ത്തിയത്.

അതേസമയം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം 43 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്.

അവസാന ഘട്ടത്തില്‍ അരുന്ധതി റെഡ്ഡിയുടെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയ്ക്ക് തുണയായിരുന്നു. 11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയാണ് റെഡ്ഡി പുറത്താകാതെ നിന്നത്. 245.45 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. താരത്തിന് പുറകെ അമന്‍ജോത് കൗര്‍ 21 റണ്‍സും നേടി മികവ് പുലര്‍ത്തി.

ലങ്കയ്ക്ക് വേണ്ടി കവിഷ ദില്‍ഹാരി, രശ്മിക സെവ്വാണ്ടി, ചമാരി അത്തപ്പത്തു എന്നവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ നിമഷ മീപേജ് ഒരു വിക്കറ്റും നേടി.

Content Highlight: India Women’s Won Five Match T-20 Series Against Sri Lanka

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ