ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയം, ലങ്കാദഹനം പൂര്‍ത്തിയാക്കി ഇന്ത്യ; എന്നിട്ടും സ്ഥാനം ശ്രീലങ്കയ്ക്ക് പുറകില്‍
Sports News
ഇന്നിംഗ്‌സിനും 222 റണ്‍സിനും വിജയം, ലങ്കാദഹനം പൂര്‍ത്തിയാക്കി ഇന്ത്യ; എന്നിട്ടും സ്ഥാനം ശ്രീലങ്കയ്ക്ക് പുറകില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th March 2022, 7:19 pm

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസം തികയും മുമ്പേ ഇന്നിംഗ്‌സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ലങ്ക, രണ്ട് ഇന്നിംഗ്‌സുകളിലുമായി യഥാക്രമം 174, 178 റണ്‍സിന് പുറത്താവുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ 400 റണ്‍സിന് പുറകിലായിരുന്ന ശ്രീലങ്ക ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സിലെ അതേ തകര്‍ച്ച രണ്ടാം ഇന്നിംഗ്‌സിലും തുടര്‍ന്നപ്പോള്‍ ലങ്കയുടെ പതനം പെട്ടന്ന് തന്നെ പൂര്‍ത്തിയാവുകയായിരുന്നു.

നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആര്‍. അശ്വിനും ജഡേജയുമാണ് ശ്രീലങ്കയെ ചുരുട്ടിക്കെട്ടിയത്. ഷമിയാണ് അവശേഷിച്ച രണ്ട് വിക്കറ്റുകള്‍ പിഴുതത്. ഇതോടെ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നുമായി അശ്വിന്‍ 8 വിക്കറ്റും ജഡേജ 9 വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്കയ്ക്കായി ഡിക്ക്‌വെല്ല മാത്രമാണ് തിളങ്ങിയത്. 81 പന്തില്‍ ഒന്‍പത് ഫോറടക്കം പുറത്താവാതെ 51 റണ്‍സാണ് താരം സ്വന്തമാക്കിയത്. കരുണരത്നെ (27), ഏയ്ഞ്ചലോ മാത്യൂസ് (28), ധനഞ്ജയ ഡി സില്‍വ (30), ചരിത് അസലങ്ക (20) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചത്.

നേരത്തെ 400 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ എട്ടിന് 574 റണ്‍സിന് മറുപടിയായി കളത്തിലിറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ കേവലം 174 റണ്‍സിന് പുറത്താകുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ശ്രീലങ്ക ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായത്.

എന്നാല്‍, മികച്ച വിജയം നേടിയിട്ടും ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് പുറകില്‍ തന്നെയാണ്. 66.66 പി.സി.ടി (Points Won By A Team/ Points contested * 100)യുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്താണ്. 54.16 പി.സി.ടിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്.

എന്നാല്‍ ശ്രീലങ്കയേക്കാള്‍ എത്രയോ പോയിന്റുകള്‍ മുമ്പിലാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 65 പോയിന്റുള്ളപ്പോള്‍, മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 24 പോയിന്റ് മാത്രമാണുള്ളത്.

ലഭിക്കുന്ന പോയിന്റുകള്‍ക്ക് പകരം വിജയശതമാനം മാത്രം കണക്കാക്കുന്ന ഐ.സി.സിയുടെ മാനദണ്ഡമാണ് ഇന്ത്യയ്ക്ക് വിനയായത്.

പട്ടികയിലെ എല്ലാ ടീമിനെക്കാളും പോയിന്റ് ഇന്ത്യയ്ക്കാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 52 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന് 36 പോയിന്റും നാലാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കയ്ക്ക് 36 പോയിന്റുമാണുള്ളത്.

എന്നാല്‍ വിജയശതമാനം കണക്കാമ്പോഴാണ് ഇന്ത്യ പട്ടികയില്‍ പുറകിലേക്ക് പിന്തള്ളപ്പെടുന്നത്.

Content Highlight: India with Huge win over Sri Lanka, Still Trails back behind in ICC Test Rankings