വോണിന്റെ മരണത്തില്‍ ദുരൂഹത?; മുറിയില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ്
Sports News
വോണിന്റെ മരണത്തില്‍ ദുരൂഹത?; മുറിയില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th March 2022, 4:35 pm

ലോകത്തെയൊന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ മരണപ്പെട്ടത്. തായ്‌ലാന്‍ഡിലെ കോ സമുയിയിലെ തന്റെ വില്ലയിലായിരുന്നു വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തായ്‌ലാന്‍ഡിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന താരത്തിന്റെ ഭൗതികശരീരം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വില്ലയിലെ മുറിയിലുള്‍പ്പടെ രക്തക്കറ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ബാത് ടവ്വലിലും തലയിണയിലുമാണ് രക്തക്കറ കണ്ടെത്തിയത്.

എന്നാല്‍ ഇതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നുണ്ട്. അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ സി.പി.ആര്‍ നല്‍കിയപ്പോള്‍ താരം ചോര ചര്‍ദ്ദിച്ചിരുന്നതായും പൊലീസ് പറയുന്നുണ്ട്.

പാകിസ്ഥാന്‍ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വോണിന് ഹൃദയാഘാതം സംഭവിച്ചത്.

ഇതിന് മുന്‍പും വോണിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസും ഡോക്ടര്‍മാരും വ്യക്തമാക്കുന്നുണ്ട്.

താരത്തിന് ആസ്ത്മയും ഹൃദ്രോഗങ്ങളുമുണ്ടായിരുന്നെന്നും മരണത്തിനു മുമ്പ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വോണ്‍ ഡോക്ടറെ കണ്ടിരുന്നതായും വെളിപ്പെടുത്തലുണ്ട്.

വോണിന്റെ മൃതദേഹം മെല്‍ബണില്‍ അടക്കം ചെയ്യുമെന്നും, എല്ലാവിധ ദേശീയ ബഹുമതികളും നല്‍കിക്കൊണ്ടായിരിക്കും താരത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിക്കുകയെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചിരുന്നു.

Content Highlight:  Blood was found on his bath towels and pillows – Police reveal new details about Shane Warne’s death