എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദ് ടെസ്റ്റ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്‌സ്‌സ് ജയം
എഡിറ്റര്‍
Tuesday 5th March 2013 12:03pm

ഹൈദരാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം. ഇന്നിങ്‌സിനും 135 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം.

Ads By Google

ഒന്നാമിന്നിങ്‌സില്‍ 266 റണ്‍സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ രണ്ടാമിന്നിങ്‌സില്‍ 131 റണ്‍സിന് പുറത്താകുകയായിരുന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. ഒമ്പതു റണ്‍സുമായി ഷെയ്ന്‍ വാട്‌സനും 26 റണ്‍സുമായി കവാനുമായിരുന്നു ക്രീസില്‍.

എന്നാല്‍ റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാനാകാതെ ഷെയ്ന്‍ വാട്‌സണ്‍ ആദ്യം തന്നെ മടങ്ങി. ഇഷാന്ത് ശര്‍മയുടെ പന്തില്‍ ധോണി വാട്‌സനെ പിടികൂടുകയായിരുന്നു.

പിന്നീട് എത്തിയ ക്യാപ്റ്റന്‍ ക്ലാര്‍ക്കിനും അധികം പിടിച്ചുനില്‍ക്കാനായില്ല. 31 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ക്ലാര്‍ക്കിനെ രവീന്ദ്ര ജഡേജ പവലിയനിലേക്ക് മടക്കി.

ക്ലാര്‍ക്കും പുറത്തായതോടെ ഒരു വശത്ത് അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കവാനിലായിരുന്നു ഓസീസിന്റെ പ്രതീക്ഷ മുഴുവന്‍.
എന്നാല്‍ ജഡേജയുടെ പന്തില്‍ സേവാഗ് കാവനെയും പുറത്താക്കി.

പിന്നാലെ തൊട്ടടുത്ത ഓവറില്‍ പകരക്കാരനായി എത്തിയ ഹെന്റിക്കസ് റണ്ണൗട്ടില്‍ കുടുങ്ങി മടങ്ങിയതോടെ ഓസീസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. പിന്നീട് എട്ടു റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ അധികം വൈകാതെ അശ്വിന്‍ എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കി മടക്കി.

നാല് റണ്‍സെടുത്ത സിഡില്‍ ജഡേജയുടെ പന്തില്‍ കൊഹ്‌ലിക്ക് പിടികൊടുക്കുകയും പിന്നാലെ 10 റണ്‍സെടുത്ത് നിന്ന മാത്യൂ വെയ്ഡ് അശ്വിന്റെ പന്തില്‍ സേവാഗിന്റെ കൈയിലൊതുങ്ങുകയും ചെയ്തതോടെ ഓസ്‌ട്രേലിയ പരാജയം ഏതാണ്ട് ഉറപ്പിച്ചു.

ദൊറോത്തിയും പാറ്റിന്‍സുമായിരുന്നു അവസാന വിക്കറ്റില്‍ ക്രീസിലുണ്ടായിരുന്നത്. പാറ്റിന്‍സണെ അശ്വിന്‍ എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കിയതോടെ കളിക്ക് സമാപ്തിയായി. ഇന്ത്യ രണ്ടാമതും വിജയം കൊയ്തു. പൂജാരയാണ് മാന്‍ ഓഫ് ദി മാച്ച്

പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തുകയും ചെയ്തു. ഇതോടെ ധോണി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയം നേടുന്ന ഇന്ത്യന്‍ നായകനായി. 22 ടെസ്റ്റുകളാണ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ വിജയിച്ചത്. സൗരവ് ഗാംഗുലിയുടെ റെക്കോഡാണ് ധോണി തകര്‍ത്തത്.

അശ്വിന്‍ അഞ്ച് വിക്കറ്റുകളും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളും നേടി. ഹര്‍ഭജന് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും 10 ഓവറില്‍ 10 റണ്‍സ് മാത്രം ഭാജി വിട്ടുകൊടുത്തു. ഇതില്‍ ഏഴ് ഓവറുകളും മെയ്ഡന്‍ ഓവറുകളായിരുന്നു.

Advertisement