ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാത്തെയും മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

ബാറ്റര്‍മാരുടെ പറുദീസയായ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

അന്താരാഷ്ട്ര ടി-20യില്‍ 300 മത്സരമെന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന ഇന്ത്യ 298ാം മത്സരത്തിനാണ് കളത്തിലിറങ്ങുന്നത്. നിലവില്‍ ഏറ്റവുമധികം ടി-20 മത്സരം കളിച്ച രണ്ടാമത് ടീമാണ് ഇന്ത്യ. ഇപ്പോള്‍ 297 മത്സരം കളിച്ച ഇന്ത്യയ്ക്ക് കേവലം മൂന്ന് മത്സരം കൂടി കളിച്ചാല്‍ 300 ടി-20 മാച്ച് കളിക്കുന്ന രണ്ടാമത് ടീമെന്ന നേട്ടത്തിലെത്താം.

പാകിസ്ഥാനാണ് ഇതുവരെ 300 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഏക ടീം. നിലവില്‍ 304 മാച്ചുകളില്‍ പാക് പട കളത്തിലിറങ്ങിയിട്ടുണ്ട്.

259 മത്സരവുമായി വെസ്റ്റ് ഇന്‍ഡീസ് പട്ടികയില്‍ നാലാമതാണ്. തങ്ങളുടെ 260ാം പോരാട്ടത്തിനുമാണ് ഇന്ന് ബെംഗളൂരുവില്‍ കളത്തിലിറങ്ങുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മത്സരം

(ടീം – മത്സരം എന്നീ ക്രമത്തില്‍)

പാകിസ്ഥാന്‍ – 304

ഇന്ത്യ – 297*

ന്യൂസിലാന്‍ഡ് – 267

വെസ്റ്റ് ഇന്‍ഡീസ് – 259*

ശ്രീലങ്ക – 243

സൗത്ത് ആഫ്രിക്ക – 235

ഇംഗ്ലണ്ട് – 233

ഓസ്‌ട്രേലിയ – 229

ബംഗ്ലാദേശ് – 222

ഇതുവരെ കളിച്ച 297 മത്സരത്തില്‍ 198ലും ഇന്ത്യ വിജയിച്ചു. 83 മത്സരങ്ങളില്‍ തോല്‍വി. 71.00 ആണ് ടീമിന്റെ വിജയശതമാനം.

259ല്‍ 111 മത്സരത്തിലാണ് കരീബിയന്‍സ് വിജയമധുരം രുചിച്ചത്. 133ലും പരാജയപ്പെട്ടു. 45.74 എന്ന വിജയശതമാനമാണ് ടീമിനുള്ളത്.

 

Content highlight: India will play their 298th T20 match today, while the West Indies will play their 260th.