ഏറ്റവും വില കുറച്ച് ലഭിക്കുന്നിടത്ത് നിന്നും ഇന്ത്യ എണ്ണ വാങ്ങും; പാര്‍ലമെന്ററി പാനലിനോട് കേന്ദ്രം
India
ഏറ്റവും വില കുറച്ച് ലഭിക്കുന്നിടത്ത് നിന്നും ഇന്ത്യ എണ്ണ വാങ്ങും; പാര്‍ലമെന്ററി പാനലിനോട് കേന്ദ്രം
അനിത സി
Tuesday, 10th February 2026, 10:56 pm

ന്യൂദല്‍ഹി: മികച്ച ഗുണനിലവാരത്തില്‍ ഏറ്റവും വിലകുറച്ച് ലഭിക്കുന്നിടത്തു നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് ശശി തരൂര്‍ എം.പി നയിക്കുന്ന പാര്‍ലമെന്ററി പാനലിനെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍.

ഭൗമരാഷ്ട്രീയ സാഹചര്യവും സ്രോതസുകളും കണക്കിലെടുത്തായിരിക്കും തുടര്‍ന്നും രാജ്യത്തെ എണ്ണക്കമ്പനികള്‍ എണ്ണ വാങ്ങുകയെന്നും സര്‍ക്കാര്‍ വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.

വിദേശകാര്യ, വാണിജ്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് പാനല്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

30 പാര്‍ലമെന്ററി പാനല്‍ അംഗങ്ങളില്‍ 28 പേരും യോഗത്തില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്നും ഫലപ്രദമായ യോഗമായിരുന്നു ഇതെന്നും മൂന്ന് മണിക്കൂര്‍ യോഗം നീണ്ടെന്നും തരൂര്‍ അറിയിച്ചു.

യോഗത്തില്‍ ചര്‍ച്ചയായത് ഇന്ത്യ-യു.എസ് വ്യാപാര കരാറും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാറുമായിരുന്നു. റഷ്യന്‍ എണ്ണ, കാര്‍ഷിക ഉത്പന്നങ്ങളിലെ ആശങ്ക തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയുമായുള്ള കരാര്‍ അന്തിമമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യം. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയടക്കം പങ്കെടുത്ത യോഗത്തില്‍ അറിയിച്ചു.

യോഗത്തിലെ വിഷയങ്ങള്‍ പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യും. ഇടക്കാല ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അടുത്തമാസം നിലവില്‍ വരുമെന്നും തരൂര്‍ അറിയിച്ചു.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബംഗ്ലാദേശുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും അതിനായി വിദേശകാര്യ സെക്രട്ടറിയെ പാനല്‍ വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: India will buy oil from cheapest source: Centre to parliamentary panel

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.