ബെല്‍ഫാസ്റ്റില്‍ കുടിയേറ്റവിരുദ്ധ കലാപം അക്രമാസക്തം; ഇന്ത്യ-അയര്‍ലാന്‍ഡ് ടി-20 പരമ്പര അനിശ്ചിതത്വത്തില്‍
Cricket
ബെല്‍ഫാസ്റ്റില്‍ കുടിയേറ്റവിരുദ്ധ കലാപം അക്രമാസക്തം; ഇന്ത്യ-അയര്‍ലാന്‍ഡ് ടി-20 പരമ്പര അനിശ്ചിതത്വത്തില്‍
ശ്രീരാഗ് പാറക്കല്‍
Friday, 12th June 2026, 1:33 pm

ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടി-20 പരമ്പര അനിശ്ചിതത്വത്തില്‍. ആതിഥേയ നഗരമായ ബെല്‍ഫാസ്റ്റില്‍ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ സുരക്ഷാ ആശങ്കകള്‍ ഉയരുകയാണ്.

ആവശ്യമായാല്‍ മത്സരങ്ങള്‍ ബെല്‍ഫാസ്റ്റില്‍ നിന്ന് മറ്റൊരു സുരക്ഷിത വേദിയിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ബെല്‍ഫാസ്റ്റില്‍ നടന്ന കത്തിക്കുത്ത് ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം പിന്നീട് വ്യാപക കലാപമായി മാറി.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടായെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങള്‍ നഗരത്തിലെ പൊതുഗതാഗതവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും താളം തെറ്റി. ഇതോടെ ഇന്ത്യന്‍ സംഘത്തിന്റെ വരവും അനുബന്ധ കായിക പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുനപരിശോധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്.

ഞായറാഴ്ച നടത്താനിരുന്ന ഐറിഷ് സീനിയര്‍ കപ്പും നാഷണല്‍ കപ്പ് മത്സരങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ക്രിക്കറ്റ് അയര്‍ലന്‍ഡ് അറിയിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടാത്ത പക്ഷം മത്സരങ്ങള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ബെല്‍ഫാസ്റ്റിലെ സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്ത്യ-അയര്‍ലന്‍ഡ് പരമ്പരയുടെ ഭാവിയും ചോദ്യചിഹ്നത്തിലാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സംഘത്തിന്റെയും ആരാധകരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയായിരിക്കും അന്തിമ തീരുമാനം. ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പരയായിരുന്നു ഇത്.

 

Content Highlight: India VS Ireland T20 Series In In uncertainty

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ