ക്യാപ്റ്റനായും ബാറ്ററായും മികച്ച പ്രകടനം നടത്തിവന്ന ശ്രേയസ് അയ്യര്‍ക്ക് എങ്ങനെയാണ് ഇന്ത്യയുടെ തലമുറ കൈമാറ്റം തിരിച്ചടിയായത്? ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം സ്ഥാനമുറപ്പിക്കുമെന്ന് കരുതിയെങ്കിലും ഏവരും കാത്തിരുന്ന ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ ശ്രേയസ് ഉണ്ടായിരുന്നില്ല. യോഗ്യനായിരുന്നിട്ടും ശ്രേയസിനോട് എന്തിനായിരുന്നു ഈ അവഗണന?
ആരാധകരെ രോമാഞ്ചം കൊള്ളിച്ച ഒരു ഐ.പി.എല്‍ സീസണായിരുന്നു 2025ലേത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി കിരീടത്തില്‍ മുത്തമിടുമ്പോള്‍ ആവേശം പതിന്‍മടങ്ങ് ഇരട്ടിയായിരുന്നു. എന്നാല്‍ ധീരമായ പോരാട്ടത്തിന്റെ അവസാന അങ്കത്തട്ടില്‍ കാലിടറിയ ഒരു ക്യാപ്റ്റനുണ്ടായിരുന്നു… പേര് ശ്രേയസ് അയ്യര്‍, പഞ്ചാബിനെ കൈ പിടിച്ചുയര്‍ത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.
അടുത്ത ഐ.പി.എല്‍ സീസണില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അയ്യര്‍ ഗുജറാത്തിലെ അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. ക്യാപ്റ്റനെന്നതിനുപരി കളിക്കാരനെന്ന നിലയിലും അമ്പരപ്പിച്ച ശ്രേയസ് ഞെട്ടിക്കുന്ന തിരിച്ചുവരവായിരുന്നു നടത്തിയത്. 2023-2024 സീസണില്‍ അച്ചടക്കത്തിന്റെ പേരില്‍ കേന്ദ്രകരാറില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കപ്പുയര്‍ത്തിയാണ് അയ്യര്‍ തന്റെ ആദ്യ തിരിച്ചുവരവ് നടത്തിയത്.
എന്നിരുന്നാലും മെന്ററായ ഗൗതം ഗംഭീറിന്റെ സാന്നിധ്യമാണ് കിരീടത്തിന് പിറകിലെന്ന് പലരും അവകാശപ്പെട്ടു, ഇത് മൂലം അയ്യര്‍ക്ക് അര്‍ഹിച്ച പരിഗണനയോ പ്രശംസയോ ലഭിക്കാതെ പോയിരുന്നു. എന്നാല്‍ 2024 ഒക്ടോബറില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ കിരീടത്തിലേക്ക് എത്തിച്ച് ക്യാപ്റ്റനെന്ന നിലയില്‍ അയ്യര്‍ മുന്നോട്ട് കുതിച്ചു.
2024 നവംബറില്‍ ഇറാനി കപ്പില്‍ ചാമ്പ്യന്‍മാരായ മുംബൈക്കൊപ്പം നിര്‍ണായക പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞു. മാത്രമല്ല 2025 ജനുവരിയില്‍ രഞ്ജി ട്രോഫിയിലും ചാമ്പ്യന്‍മാരായ മുംബൈ ടീമില്‍ ശ്രേയസിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി 2025 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാനും ചാമ്പ്യനാകാനും അയ്യര്‍ക്ക് കഴിഞ്ഞു. മാത്രമല്ല ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് (243) നേടിയ താരമാകാനും മികച്ച പ്രകടനത്തോടെ ഐ.സി.സിയുടെ കേന്ദ്ര കരാറിലേക്ക് തിരിച്ചെത്താനും അയ്യര്‍ക്ക് സാധിച്ചു.
നഷ്ടപ്പെട്ട തന്റെ പ്രൗഡിയും പ്രതാപവും തിരിച്ചെടുക്കാന്‍ അതികഠിനമായി പ്രവര്‍ത്തിച്ചിട്ടും താരത്തിന് മുന്നില്‍ മറ്റൊരു തിരിച്ചടി കൂടി ഉണ്ടായിരുന്നു. 2025 ഐ.പി.എല്ലിനോടനുബന്ധിച്ച് നടന്ന മെഗാലേലത്തില്‍ തങ്ങള്‍ക്ക് കപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ അയ്യരെ വിട്ടുകൊടുക്കുകയായിരുന്നു കൊല്‍ക്കത്ത. അവിടേയും അയ്യര്‍ തളര്‍ന്നില്ല. ഇതോടെ കിരീടത്തിനായി പൊരുതിയ പഞ്ചാബ് അയ്യരെ ക്യാപ്റ്റനായി കൂടെ കൂട്ടി. ശേഷം പഞ്ചാബിനെ ഫൈനലിലെത്തിച്ചായിരുന്നു അയ്യര്‍ സീസണ്‍ അവസാനിപ്പിച്ചത്. ഇതോടെ മൂന്ന് വ്യത്യസ്ത ഐ.പി.എല്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ഏക ക്യാപ്റ്റനാകാനും താരത്തിന് സാധിച്ചിരുന്നു. 2020ല്‍ ശ്രേയസ് ദല്‍ഹി ക്യാപിറ്റല്‍സിനെയും ഫൈനലില്‍ എത്തിച്ചിരുന്നു.
ഐ.പി.എല്‍ കൊടിയിറങ്ങിയ ശേഷം ഏവരും കാത്തിരുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായിരുന്നു. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സംഭവ വികാസങ്ങളായിരുന്നു ഉണ്ടായത്. 2025 മെയ് ഒമ്പതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയതായിരുന്നു ആദ്യ സംഭവം. പിറകെ മെയ് 12ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ തിരിച്ചടിയായിരുന്നു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലമുറമാറ്റത്തിന്റെ ചര്‍ച്ചകള്‍ സജീവമാകാന്‍ തുടങ്ങി.
ക്യാപ്റ്റനായും ബാറ്ററായും മികച്ച പ്രകടനം നടത്തിവന്ന ശ്രേയസ് അയ്യര്‍ക്ക് എങ്ങനെയാണ് ഈ തലമുറ കൈമാറ്റം തിരിച്ചടിയായത്? ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരം സ്ഥാനമുറപ്പിക്കുമെന്ന് കരുതിയെങ്കിലും ഏവരും കാത്തിരുന്ന ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ ശ്രേയസ് ഉണ്ടായിരുന്നില്ല. ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയും റിഷബ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയുമായിരുന്നു ഇന്ത്യ സ്‌ക്വാഡ് പുറത്ത് വിട്ടത്.
അയ്യരെ സ്‌ക്വാഡില്‍ കാണാതെ പോയതില്‍ പല സീനിയര്‍ താരങ്ങളും അമ്പരന്നു, മാത്രമല്ല മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെയും ചീഫ് സെലക്ടര്‍ അജിത് അഗാക്കറിനെയും വിമര്‍ശിച്ച് പലരും രംഗത്ത് വന്നു. സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയ മുന്‍ താരങ്ങള്‍ ശ്രേയസിനെ സ്‌ക്വാഡിലെടുക്കാത്തതില്‍ അതൃപ്തി അറിയിച്ചു.
ക്യാപ്റ്റനായും ബാറ്ററായും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച അയ്യരെ 2025 മാര്‍ച്ചില്‍ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് നല്‍കി ആദരിച്ചത് പോലും ഇന്ത്യന്‍ സെലക്ഷന്‍ പാനലില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. വൈറ്റ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി 14 മത്സരങ്ങളിലെ 24 ഇന്നിങ്‌സില്‍ നിന്ന് 811 റണ്‍സാണ് അയ്യര്‍ നേടിയത്. അതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 36.86 എന്ന ആവറേജില്‍ ബാറ്റിങ് പ്രകടനമുള്ള താരത്തിന് അഞ്ച് അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റിലുണ്ട്.
ഫസ്റ്റ് ക്ലാസില്‍ ഇന്ത്യയ്ക്ക് വേണ്ടി 81 മത്സരങ്ങളില്‍ നിന്ന് 6363 റണ്‍സും 233 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും നേടിയ അയ്യര്‍ 15 സെഞ്ച്വറിയും നേടിയിട്ടുണ്ട്. അയ്യരെ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ പരിഗണിക്കാന്‍ ഇതൊക്കെ ധാരാളമായിരുന്നു. എന്നാല്‍ അയ്യരേക്കാള്‍ ഇന്ത്യ പരിഗണിച്ചത് ഐ.പി.എല്ലില്‍ മികവ് പുലര്‍ത്തിയ യുവ താരം സായ് സുദര്‍ശനേയും കരുണ്‍ നായരെയുമാണ്.
പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ മൂന്നാം നമ്പറില്‍ നിന്ന് 131 റണ്‍സ് മാത്രമാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ മാത്രം കളിച്ച സായി തന്റെ അരങ്ങേറ്റ ഇന്നിങ്സില്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ 30 റണ്‍സും നേടിയാണ് മടങ്ങിയത്. ഇരുവരുടേയും മോശം പ്രകടനം തന്നെയാണ് ശ്രേയസിന് ലഭിക്കാത്ത പരിഗണനയെ ഉയര്‍ത്തിക്കാട്ടുന്നതും. താരത്തിന്റെ റെഡ് ബോള്‍ സാധ്യതകളെ മരവിപ്പിക്കുന്ന രീതി ഇന്ത്യ ഇനിയും തുടരുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫി എന്ന് പുനര്‍ നാമകരണം ചെയ്ത പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 1-2ന് പിന്നിലാണ്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ലോര്‍ഡ്‌സില്‍ ജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യ ത്രീ ലയണ്‍സിന് മുന്നില്‍ തോല്‍വി വഴങ്ങിയത്.
ജൂലൈ 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയമാണ് വേദി. പരമ്പര കൈവിടാതെ കാക്കണമെങ്കില്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
Content Highlight: India VS England: Why was Shreyas Iyer ignored despite being eligible to play for India in the Tendulkar – Anderson Trophy?