കോഹ്ലിയും രോഹിതുമില്ലാതെ ഇറങ്ങി, എന്നിട്ടും റെക്കോഡ് ഭേദിച്ച് ഇംഗ്ലണ്ട് - ഇന്ത്യ പരമ്പര
Tendulkar - Anderson Trophy
കോഹ്ലിയും രോഹിതുമില്ലാതെ ഇറങ്ങി, എന്നിട്ടും റെക്കോഡ് ഭേദിച്ച് ഇംഗ്ലണ്ട് - ഇന്ത്യ പരമ്പര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th August 2025, 4:43 pm

കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡുകള്‍ ഭേദിച്ച് അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ -ആന്‍ഡേഴ്‌സണ്‍ ട്രോഫി. ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടെസ്റ്റ് പരമ്പരയായി ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മാറി. പരമ്പര കാണാന്‍ 170 ദശലക്ഷത്തിലധികം പേരാണ് സ്ട്രീമിങ് ആപ്പായ ജിയോ ഹോട്ട്സ്റ്റാറില്‍ ലോഗിന്‍ ചെയ്തത്. ഡിജിറ്റല്‍ രംഗത്ത് ഒരു ടെസ്റ്റ് പരമ്പരയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന റീച്ചാണിത്.

അഞ്ച് മത്സരങ്ങള്‍ ഉണ്ടായിരുന്ന പരമ്പരയിലെ എല്ലാ മത്സരങ്ങളും അവസാന ദിവസം വരെ നീണ്ടു നിന്നിരുന്നു. ഈ ടെസ്റ്റ് പരമ്പര ജിയോ ഹോട്ട്സ്റ്റാറില്‍ മൊത്തം 65 ബില്യണ്‍ മിനിറ്റ് തത്സമയം സ്ട്രീം ചെയ്തിരുന്നു.

ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടായിരുന്നത് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരമായിരുന്ന ഓവല്‍ ടെസ്റ്റിന്റെ അവസാന ദിവസമാണ്. അഞ്ചാം ദിവസം 1.3 കോടി ആരാധകരാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ ഈ മത്സരം കണ്ടത്.

പരമ്പരയിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഓവല്‍ ടെസ്റ്റ്. മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് ജയിക്കാന്‍ നാല് വിക്കറ്റും ആതിഥേയരായ ഇംഗ്ലണ്ടിന് 35 റണ്‍സ് മാത്രമായിരുന്നു വേണ്ടത്.

അവസാന ദിവസം ഇരു ടീമുകളിലെയും താരങ്ങള്‍ ജയം സ്വന്തമാക്കാനായി വീറും വാശിയോടെയുമാണ് കളിക്കളത്തിലിറങ്ങിയത്. അതിന്റെ ആവേശം ആരാധകരിലേക്കും എത്തിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ഓവല്‍ ടെസ്റ്റ് ജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കിയിരുന്നു. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജായിരുന്നു വിജയ ശില്പി. ഇംഗ്ലണ്ടിന്റെ അവസാന ബാറ്ററുടെ കുറ്റി തെറിപ്പിച്ചായിരുന്നു സിറാജ് ഇന്ത്യയ്ക്ക് വിജയവും സമനിലയും സമ്മാനിച്ചത്.

Content Highlight: India vs England Series became most ever watched Test series on any digital platform