ഒപ്പത്തിനൊപ്പം; ജയം അടിച്ചെടുത്ത് ഇംഗ്ലണ്ട്
India vs England
ഒപ്പത്തിനൊപ്പം; ജയം അടിച്ചെടുത്ത് ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th March 2021, 9:39 pm

പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 6 വിക്കറ്റും 39 പന്തുകളും ശേഷിക്കെ മറികടന്നു.

ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്‌റ്റോ സെഞ്ച്വറിയും (124) ബെന്‍ സ്‌റ്റോക്‌സും (99) ജേസണ്‍ റോയും (55) അര്‍ധസെഞ്ച്വറിയും നേടി.

ബെന്‍ സ്‌റ്റോക്‌സിന്റെ വെടിക്കെട് പ്രകടനമാണ് ഇംഗ്ലണ്ടിനെ അതിവേഗം ലക്ഷ്യത്തിലെത്താന്‍ സഹായിച്ചത്. സ്റ്റോക്‌സ് 52 പന്തിലാണ് 99 റണ്‍സ് നേടിയത്. സിക്‌സും നാല് ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്നു.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ജേസണ്‍ റോയും ബെയര്‍സ്‌റ്റോയും പതിവ് പോലെ മികച്ച തുടക്കം നല്‍കി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് കണ്ടെത്തിയ ഇരുവരും ഒന്നാം വിക്കറ്റില്‍ 110 റണ്‍സാണ് അടിച്ചെടുത്തത്.

പിന്നാലെ വന്ന ബെന്‍ സ്റ്റോക്‌സും കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു.രണ്ടാം വിക്കറ്റില്‍ സ്റ്റോക്‌സ്-ബെയര്‍സ്‌റ്റോ സഖ്യം 175 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കായി പ്രസിധ് കൃഷ്ണ രണ്ടും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലും (108) അര്‍ധസെഞ്ച്വറി നേടിയ റിഷഭ് പന്തും (77) വിരാട് കോഹ്‌ലിയുമാണ് (66) ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 35 റണ്‍സെടുത്ത് സ്‌കോറിംഗ് ഉയര്‍ത്തി.

ഇംഗ്ലണ്ടിനായി റീസ് ടോപ്ലിയും ടോം കുറനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ 1-1 എന്ന നിലയിലായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: India vs England Second ODI Bairstow Ben Stokes KL Rahul Rishab Pant