മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് എന്ന് അദ്ദേഹത്തെ ഒരു മടിയുമില്ലാതെ വിളിക്കാം… കെ.എല്‍. രാഹുല്‍ തീര്‍ച്ചയായും ആ വിശേഷണത്തിന് അര്‍ഹനാണ്. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ ആരുണ്ടാരുമെന്ന ഒരു വലിയ ചോദ്യമുണ്ടായിരുന്നു.
ക്യാപ്റ്റന്‍സിയില്‍ മാത്രമല്ലായിരുന്നു ആ ചോദ്യം! ടോപ് ഓര്‍ഡറില്‍ ഇന്ത്യയ്ക്ക് മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്താനും സമ്മര്‍ദ ഘട്ടങ്ങളില്‍ പൊരുതാനും മൂര്‍ച്ചയേറിയ ഒരു വാള്‍ വേണ്ടിയിരുന്നു. ചോദ്യങ്ങള്‍ അവസാനിച്ചത് കെ.എല്‍. രാഹുല്‍ എന്ന സൈലന്റ് അഗ്രസീവറുടെ പേരിലായിരുന്നു.
2023-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ അത് പ്രകടമായിരുന്നു. ഓപ്പണിങ് സ്ലോട്ടില്‍ രോഹിത്തിന് പുറത്തിരിക്കേണ്ടി വന്ന സാഹചര്യങ്ങളില്‍ ഓപ്പണറായി നിയോഗിക്കപ്പെ രാഹുല്‍ തിളങ്ങി. 276 റണ്‍സാണ് പരമ്പരയില്‍ നിന്ന് നേടിയതെങ്കിലും ഓപ്പണിങ്ങില്‍ പൊരുതുവാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ അംഗീകരിക്കാന്‍ സാധിച്ചു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടെണ്ടുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ രാഹുല്‍ തന്റെ മാസ്റ്റര്‍ ക്ലാസ് തെളിയിക്കുക കൂടിയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ടിന്റ ന്യൂബോള്‍ അറ്റാക്കിനെ നെഞ്ച് വിരിച്ച് നേരിട്ട രാഹുല്‍ ക്ലീന്‍ ഡിഫന്റ്‌സ് ചെയ്തത് തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളേയുമായിരുന്നു.
ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രഫോഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നാലാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ രാഹുല്‍, ക്യാപ്റ്റന്‍ ഗില്ലിനൊപ്പം സമ്മര്‍ദത്തെ പോലും കീഴ്‌പ്പെടുത്തി. 0/2 എന്ന നിലയില്‍ ഇന്ത്യയെ മുന്നോട്ട് നയിച്ച അദ്ദേഹം 230 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളുടെ അകമ്പടിയോട് സെഞ്ച്വറിയോളം പോന്ന 90 റണ്‍സ് നേടിയാണ് കളം വിട്ടത്. 137, 42, 55, 2, 39, 100, 46, 90 എന്നിങ്ങനെ സ്‌കോര്‍ നേടിയതോടെ പരമ്പരയിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 511 റണ്‍സ് പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് രാഹുലിനെ പറഞ്ഞയച്ചെങ്കിലും ഇംഗ്ലണ്ടില്‍ അദ്ദേഹം എഴുതിച്ചേര്‍ത്ത നേട്ടങ്ങള്‍ ചെറുതൊന്നുമല്ലായിരുന്നു. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം, എവേ ടെസ്റ്റുകളില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍, സേന രാജ്യങ്ങള്‍ക്കെതിരെ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ഓപ്പണര്‍ (12 തവണ) എന്നിങ്ങനെ പല റെക്കോഡുകളും രാഹുല്‍ നേടി.
Making. Things. Happen.
Ben Stokes gets one to jag back, stay low and KL Rahul is gone for 90.
ആവറേജിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും ബാറ്റ്‌കൊണ്ട് മറുപടി പറഞ്ഞ രാഹുലിന് തകര്‍ക്കേണ്ടി വന്ന മറ്റൊരു റെക്കോഡും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ടെസ്റ്റില്‍ സേനാ രാജ്യങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രാഹുല്‍ നേടിയത്. ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ വീരേന്ദര്‍ സെവാഗിനെയും മുരളി വിജയ്, ഗംഭീര്‍ എന്നിവരെയും മറികടന്നാണ് രാഹുല്‍ ഈ നേട്ടത്തിലെത്തിയത്.
അതേസമയം നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇംഗ്ലണ്ട് തങ്ങളുടെ തീപാറുന്ന ബൗളിങ് ആരംഭിച്ചത്. ആദ്യ ഓവറിനെത്തിയ ക്രിസ് വോക്സിന്റെ നാലാം പന്തില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിനെ ജോ റൂട്ടിന്റെ കയ്യിലെത്തിച്ച് പൂജ്യം റണ്‍സിന് മടക്കിയാണ് ത്രീ ലയണ്‍സ് തുടങ്ങിയത്.
മൂന്നാമനായി ഇറങ്ങിയ സായി സുദര്‍ശനെ തന്റെ അഞ്ചാം പന്തില്‍ ഗോള്‍ഡന്‍ ഡക്കാക്കിയാണ് വോക്സ് വമ്പന്‍ പ്രകടനം നടത്തിയത്. ഹാരി ബ്രൂക്കിന്റെ കയ്യിലെത്തിയാണ് സായി പുറത്തായത്. അരങ്ങേറ്റമത്സരത്തിലും താരം ഡക്കായിരുന്നു. ശേഷം രാഹുലും ഗില്ലും നടത്തിയ പോരാട്ടം മറ്റൊരു ചരിത്ര നേട്ടത്തിലേക്കും വഴി വെട്ടിയിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന ഇന്ത്യന്‍ കൂട്ടുകെട്ട് എന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. 414 പന്തുകളാണ് ഇരുവരും നേരിട്ടത്. നേരത്തെ 405 പന്തുകള്‍ നേരിട്ട സഞ്ജയ് ബംഗാറിനെയും രാഹുല്‍ ദ്രാവിഡിനെയുമാണ് രാഹുല്‍ & ഗില്‍ സഖ്യം മറികടന്നത്.
തകര്‍ക്കപ്പെടുന്ന റെക്കോഡുകള്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്ക് വഴികാട്ടാന്‍ രാഹുല്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറയാം. ഓപ്പണിങ്ങില്‍ യശസ്വി ജെയ്വാള്‍ പരാജയപ്പെടുമ്പോഴും ടോപ്പ് ഓര്‍ഡര്‍ തകരുന്ന സാഹചര്യമുണ്ടായാലും രാഹുലിന്റെ അവിശ്വസനീയമായ ചെറുത്തുനില്‍പ്പ് മറ്റാര്‍ക്കും എളുപ്പം സാധിക്കാത്ത ഒന്നാണ്.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി റെഡ് ബോളില്‍ 62 മത്സരങ്ങളിലെ 109 മത്സരങ്ങളില്‍ നിന്ന് 3768 റണ്‍സാണ് താരം നേടിയത്. 199 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 35.89 എന്ന ആവറും നേടിയിട്ടുണ്ട്. മാത്രമല്ല 10 സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയു നേടാന്‍ രാഹുലിന് സാധിച്ചു.
Content Highlight: India VS England: K.L Rahul In Great Record Achievement In Tendulkar – Anderson Trophy