വിഖ്യാതമായ ലണ്ടനിലെ ദി ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. ഇവിടെ വിജയിക്കാനാകാതെ പോയാല്‍ പരമ്പര നഷ്ടപ്പെടും. അതേസമയം, ഇംഗ്ലണ്ടിനാകട്ടെ, ഓവലില്‍ സമനില നേടിയാല്‍ പോലും പ്രഥമ ടെന്‍ഡുല്‍ക്കര്‍ - ആന്‍ഡേഴ്‌സണ്‍ ട്രോഫി ജേതാക്കളാകാം.
ഇന്ത്യന്‍ ആരാധകരുടെ കണ്ണും കാതും ഇനി ഓവലിലേക്ക്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ വിജയം മാത്രം പ്രതീക്ഷിച്ചാണ് ശുഭ്മന്‍ ഗില്ലും സംഘവും കളത്തിലിറങ്ങുന്നത്.
പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്. ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ഇതിന് മുമ്പ് ഒരിക്കല്‍പ്പോലും വിജയിക്കാന്‍ സാധിക്കാതെ പോയ എഡ്ജ്ബാസ്റ്റണില്‍ ഗില്ലും സംഘവും ചരിത്രം തിരുത്തിയെഴുതി.
ശുഭ്മന്‍ ഗില്‍
എഡ്ജ്ബാസ്റ്റണിലേതെന്ന പോലെ ഇതിന് മുമ്പ് ഒരു തവണ പോലും വിജയിക്കാത്ത മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങിയത്. അത്യധികം ആവേശവും നാടകീയതയും നിറഞ്ഞുനിന്ന മത്സരം സമനിലയില്‍ അവസാനിച്ചു. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ആറാം സമനിലയായിരുന്നു ഇത്.
ആരാധകരെ സംബന്ധിച്ച് ഈ റിസള്‍ട്ട് വിജയത്തേക്കാളേറെ മധുരമുള്ളതായിരുന്നെങ്കിലും സമനില സമനിലയായി മാത്രമേ അടയാളപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. നാലാം മത്സരം ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴും പരമ്പരയില്‍ ആതിഥേയര്‍ 2-1ന്റെ ലീഡ് തുടര്‍ന്നു.
മാഞ്ചസ്റ്ററില്‍ ഇന്ത്യയെ താങ്ങിനിർത്തിയ തൂണുകള്‍
വിഖ്യാതമായ ലണ്ടനിലെ ദി ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. ഇവിടെ വിജയിക്കാനാകാതെ പോയാല്‍ പരമ്പര നഷ്ടപ്പെടും. അതേസമയം, ഇംഗ്ലണ്ടിനാകട്ടെ, ഓവലില്‍ സമനില നേടിയാല്‍ പോലും പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി ജേതാക്കളാകാം.
ഓവലില്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോഡ് അത്ര കണ്ട് മികച്ചതല്ല. എഡ്ജ്ബാസ്റ്റണിലെയും മാഞ്ചസ്റ്ററിലെയും പോലെയല്ല, ഇതിന് മുമ്പ് ഇന്ത്യ ഈ മണ്ണില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ അതാകട്ടെ വെറും രണ്ട് തവണ മാത്രവും.
ദി ഓവല്‍
ഓവലില്‍ ഇന്ത്യ ഇതുവരെ 15 മത്സരങ്ങള്‍ കളിച്ചു. രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലടക്കം ആറ് മത്സരങ്ങള്‍ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങള്‍ സമനിലയിലുമായി.
1936ലാണ് ഇന്ത്യ ആദ്യമായി ഓവലില്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. അന്ന് ഒമ്പത് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. അടുത്ത രണ്ട് മത്സരത്തിലും (1946, 1952) സമനില നേടിയപ്പോള്‍ 1959ല്‍ വീണ്ടും പരാജയപ്പെട്ടു.
ഓവലില്‍ ആദ്യ മത്സരം കളിച്ച 35 വര്‍ഷത്തിന് ശേഷം, രണ്ട് പരാജയങ്ങള്‍ക്കും നേടിയെടുത്ത രണ്ട് സമനിലകള്‍ക്കും ശേഷം, 1971ല്‍ ഇന്ത്യ ആദ്യമായി ഓവലില്‍ വിജയം രുചിച്ചു. അജിത് വഡേക്കറിന് കീഴില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
അജിത് വഡേക്കർ
ശേഷം കളിച്ച അഞ്ച് മത്സരങ്ങള്‍ (1979, 1982, 1990, 2002, 2007) സമനിലയില്‍ അവസാനിച്ചപ്പോള്‍ അടുത്ത മൂന്നിലും (2011, 2014, 2018) തോറ്റു.
2021ല്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ ഒരിക്കല്‍ക്കൂടി ഓവല്‍ കീഴടക്കി. 157 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയെടുത്തത്.
വിജയം നേടിയ ഇന്ത്യയുടെ ആഹ്ലാദം
എന്നാല്‍ ആ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നതായിരുന്നു ഈ വേദിയിലെ അടുത്ത ഫലം. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-2023 സൈക്കിളിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. 209 റണ്‍സിനാണ് ഇന്ത്യ മത്സരവും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും അടിയറവ് പറഞ്ഞത്.
ഇന്ത്യയെ തോല്‍പ്പിച്ച് ടെസ്റ്റ് കിരീടമണിഞ്ഞ ഓസ്ട്രേലിയ
ഓവലില്‍ വിജയം സ്വന്തമാക്കി തന്റെ ക്യാപ്റ്റന്‍സി കരിയറില്‍ പുതുചരിത്രം കുറിക്കാനാണ് ശുഭ്മന്‍ ഗില്‍ ഒരുങ്ങുന്നത്.