ന്യൂദൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംസാരിച്ചിട്ടില്ലെന്ന യു.എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ അവകാശവാദത്തിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
സ്വതന്ത്ര വ്യാപാര കരാറിലും താരിഫ് പ്രശ്നങ്ങളിലും ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ കഴിഞ്ഞവർഷം മോദിയും ട്രംപും തമ്മിൽ എട്ട് തവണ സംസാരിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച അറിയിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുകൾ വൈകുന്നതിന് കാരണം മോദി ട്രംപിനെ വിളിക്കാൻ വിമുഖത കാണിച്ചതാണെന്നായിരുന്നു ഹോവാർഡ് ലുട്നിക്കിന്റെ പരാമർശം.
‘2025 ഫെബ്രുവരി 13 മുതൽ ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി വ്യാപാര കരാറിൽ പ്രതിജ്ഞാബദ്ധരായിരുന്നു. പരസ്പരം പ്രയോജനകരമായ കരാറിലെത്താൻ പല അവസരങ്ങളിലും ഞങ്ങൾ ഒരു കരാറിനടുത്തെത്തിയിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട പ്രസ്താവനകളിലെ വിവരങ്ങൾ കൃത്യമല്ല,’ രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
മോദിയും ട്രംപും തമ്മിൽ സൗഹൃദപരമായ ബന്ധമാണെന്നും നയതന്ത്ര മാനദണ്ഡങ്ങൾക്കനുസൃതമായി പരസ്പര ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ അവസാനിപ്പിക്കാൻ ട്രംപിനെ വിളിക്കാനായി മോദിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മോദി മുന്കൈടുക്കാത്തതിനാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ നടന്നില്ലെന്ന് വ്യാഴാഴ്ച നടന്ന ഓൾ ഇൻ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ഹോവാർഡ് ലുട്നിക് പറഞ്ഞിരുന്നു.
‘ഞങ്ങൾ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി നിരവധി കരാറുകൾ പ്രഖ്യാപിച്ചിരുന്നു. ആ കരാറുകൾ നടപ്പിലാക്കി. ഇന്ത്യ അവർക്ക് മുമ്പ് പൂർത്തിയാകുമെന്ന് ഞങ്ങൾ കരുതി. കരാർ അവസാനിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് അസ്വസ്ഥതയുണ്ടെന്ന് തോന്നുന്നു,’ ഹോവാർഡ് ലുട്നിക് പറഞ്ഞു.