ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യന്‍ കൗമാര പട. മഴ കാരണം ഡി.എല്‍.എസ് പ്രകാരം വിജയലക്ഷ്യം വെട്ടി കുറച്ച മത്സരത്തില്‍ 18 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിന്റെയും വിഹാന്‍ മല്‍ഹോത്രയുടെ ബൗളിന്റെയും കരുത്തിലാണ് ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അണ്ടര്‍ 19 ഇന്ത്യ 238 റണ്‍സിന് പുറത്തായിരുന്നു. മഴ മൂലം പല തവണ മത്സരം തടസപ്പെട്ടതിനാല്‍ വിജയലക്ഷ്യം 29 ഓവറില്‍ 165 റണ്‍സായി വെട്ടിക്കുറച്ചു. ഇത് പിന്തുടര്‍ന്ന ബംഗ്ലാദേശിനെ ഇന്ത്യന്‍ സംഘം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ 146 റണ്‍സിന് ഓള്‍ ഔട്ടാക്കി.
ബംഗ്ലാദേശിന് എതിരെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്കായി തുടക്കം തന്നെ ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയെ നഷ്ടമായെങ്കിലും വൈഭവ് സൂര്യവംശി ഓപ്പണിങ്ങില്‍ തിളങ്ങി. താരം 67 പന്തില്‍ 72 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
മധ്യനിരയില്‍ അഭി ഗ്യാന്‍ കുണ്ഡുവും ടീമിന് കരുത്തായി. താരം 112 പന്തില്‍ 80 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഇവര്‍ക്കൊപ്പം 26 പന്തില്‍ 28 റണ്‍സുമായി കനിഷ്‌ക് ചൗഹാനും സംഭാവന ചെയ്തു.
Innings Break!
Abhigyan Kundu’s 80 and Vaibhav Sooryavanshi’s 72 guide India U19 to 238 👏
ബംഗ്ലാദേശിനായി അല്‍ ഫഹദ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അസീസുല്‍ ഹക്കിം തമീം, ഇഖ്ബാല്‍ റഹ്‌മാന്‍ ഇമോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും പര്‍വേസ് റഹ്‌മാന്‍ ജിബോന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് തുടക്കം തന്നെ പിഴച്ചിരുന്നു. ഒന്നാം ഓവറില്‍ തന്നെ ടീമിന്റെ ഓപ്പണറെ നഷ്ടമായി. എന്നാല്‍, പിന്നീട് ഒരുമിച്ച രിഫാത് ബേഗും ക്യാപ്റ്റന്‍ അസീസുല്‍ ഹക്കിം തമീമും ചേര്‍ന്ന് ടീമിന്റെ മുന്നോട്ട് കൊണ്ടുപോയി. 12ാം ഓവറില്‍ രിഫാത് 37 പന്തില്‍ 37 റണ്‍സുമായി മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ തന്റെ പോരാട്ടം തുടര്‍ന്നു.
പിന്നാലെത്തിയവരുമായി തമീം കൂട്ടുകെട്ടുകള്‍ ഉയര്‍ത്തി. എന്നാല്‍ മികച്ച നിലയില്‍ മുന്നേറവെ അടുത്ത അടുത്ത ഓവറുകളില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വിഹാന്‍ മല്‍ഹോത്ര ബംഗ്ലാദേശിന് പ്രഹരമേല്പിച്ചു. പിന്നാലെ അടുത്ത ഓവറില്‍ താരം 72 പന്തില്‍ 51 റണ്‍സെടുത്ത തമീമിനെയും പുറത്താക്കി.
വിഹാന്‍ മല്‍ഹോത്ര. Photo: Johns/x.com
വിഹാന്‍ തന്റെ അടുത്ത ഓവറില്‍ സമിയുന്‍ ബാസിര്‍ റാതുലിനെയും മടക്കി. പിന്നാലെ വലിയ പോരാട്ടം കാഴ്ച വെക്കാതെ ബംഗ്ലാദേശ് താരങ്ങള്‍ മടങ്ങി. അതോടെ ഇന്ത്യ വിജയം നേടിയെടുത്തു.
ഇന്ത്യക്കായി വിഹാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഖിലാന്‍ പട്ടേല്‍ രണ്ട് വിക്കറ്റും കനിഷ്‌ക്ക് ചൗഹാന്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: India U19 team defeated Bangladesh in U19 World Cup