ലോകകപ്പിലെ ജീവന്‍ രക്ഷാദൗത്യത്തില്‍ മുമ്പില്‍ ഇന്ത്യയുടെ വാലറ്റം; ഓസീസിനെയും മറികടന്ന കുതിപ്പ്
ICC Women's World Cup
ലോകകപ്പിലെ ജീവന്‍ രക്ഷാദൗത്യത്തില്‍ മുമ്പില്‍ ഇന്ത്യയുടെ വാലറ്റം; ഓസീസിനെയും മറികടന്ന കുതിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th September 2025, 10:32 pm

 

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ. മഴമൂലം 47 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് ഇന്ത്യ നേടിയത്.

ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 271 റണ്‍സാണ് ചമാരി അത്തപ്പത്തുവിനും സംഘത്തിനും വിജയിക്കാനായി വേണ്ടത്. ഡി.എല്‍.എസ് നിയമപ്രകാരമാണ് ശ്രീലങ്കയുടെ വിജയലക്ഷ്യം 47 ഓവറില്‍ 271 ആയി പുനര്‍നിശ്ചയിച്ചത്.

അമന്‍ജോത് കൗറിന്റെയും ദീപ്തി ശര്‍മയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിളങ്ങിയത്. അമന്‍ജോത് കൗര്‍ 56 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ 53 പന്തില്‍ 53 റണ്‍സാണ് ദീപ്തി ശര്‍മ നേടിയത്.

ഏഴാം വിക്കറ്റില്‍ ഇവര്‍ പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടിന് പിന്നാലെ ഒരു റെക്കോഡും ഇന്ത്യയെ തേടിയെത്തി. വനിതാ ലോകകപ്പില്‍ ഏഴാം നമ്പറിലോ അതിന് താഴെയോ ഏറ്റവുമധികം തവണ 50+ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഐ.സി.സി വനിതാ ലോകകപ്പില്‍ ഏഴാം നമ്പറിലോ അതിന് താഴെയോ എറ്റവുമധികം തവണ 50+ കൂട്ടുകെട്ടുണ്ടാക്കിയ ടീമുകള്‍

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ഇന്ത്യ – 7*

ഓസ്‌ട്രേലിയ – 6

ന്യൂസിലാന്‍ഡ് – 6

ഇംഗ്ലണ്ട് – 5

തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴവെ എട്ടാം നമ്പറിലാണ് കൗര്‍ കളത്തിലിറങ്ങിയത്. രണ്ട് ഓവറിനിടെ നാല് നിര്‍ണായക വിക്കറ്റുകള്‍ വീണ സാഹചര്യത്തിലായിരുന്നു താരം ക്രീസിലെത്തിയത്.

12 പന്തുകള്‍ക്കിടെ ഹര്‍ലിന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് എന്നിവരെ നഷ്ടപ്പെട്ട് ഇന്ത്യ വന്‍ തകര്‍ച്ച അഭിമുഖീരിക്കവെ ദീപ്തി ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കൗര്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തി.

അര്‍ധ സെഞ്ച്വറി നേടിയ കൗറിനും ദീപ്തി ശര്‍മയ്ക്കും പുറമെ ഹര്‍ലീന്‍ ഡിയോള്‍ (64 പന്തില്‍ 48), പ്രതീക റാവല്‍ (59 പന്തില്‍ 37), ഹര്‍മന്‍പ്രീത് കൗര്‍ (19 പന്തില്‍ 21) എന്നിവരും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ശ്രീലങ്കയ്ക്കായി ഇനോക രണവീര നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ഉദ്ദേശിക പ്രബോധിനിയും തിളങ്ങി. അചിനി കുലസൂര്യ, ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു എന്നിവര്‍ ചേര്‍ന്നാണ് ശേഷിച്ച രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

 

Content Highlight: India tops the list of most 50+ partnership for the 7th wicket or below in a Women’s World Cup