ബഹുസ്വരത ആഘോഷിക്കുന്ന ഇന്ത്യയിലാണ് ഞാൻ വളർന്നത്; ഇന്ത്യ ഇന്ന് ചിലരുടേത് മാത്രം: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി
India
ബഹുസ്വരത ആഘോഷിക്കുന്ന ഇന്ത്യയിലാണ് ഞാൻ വളർന്നത്; ഇന്ത്യ ഇന്ന് ചിലരുടേത് മാത്രം: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd October 2025, 3:58 pm

ന്യൂദൽഹി: ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയിൽ ചില തരം ആളുകൾക്ക് മാത്രമേ ഇടമുള്ളൂവെന്നും ഈ കാഴ്ചപ്പാടോടെയാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യം ഭരിക്കുന്നതെന്നും ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി സൊഹ്‌റാൻ മാംദാനി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെക്കുറിച്ച് പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമുള്ള കാഴ്ചപ്പാടല്ല തനിക്കുള്ളതെന്നും ബഹുസ്വരത ആഘോഷിക്കുന്ന ഇന്ത്യയിലാണ് താൻ വളർന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ബഹുസ്വരത നിറഞ്ഞതും മതം പരിഗണിക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ കാഴ്ചപ്പാടുള്ള ഇന്ത്യയിലാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് ഞാൻ മോദിയെ വിമർശിച്ചത്. ചിലതരം ഇന്ത്യക്കാർക്ക് മാത്രം ഇടമുള്ള ഒരു രാജ്യമായാണ് ഇന്ത്യയെ മോദിയും ബി.ജെ.പിയും കാണുന്നത്. ഈ കാഴ്ചപ്പാടിനെയാണ് ഞാൻ വിമർശിക്കുന്നത്. ബഹുസ്വരത എന്നത് ആഘോഷിക്കപ്പെടേണ്ടതും അതിനായി പരിശ്രമിക്കേണ്ടതുണ്ടെന്ന വിശ്വാസത്തിലുമാണ് ഞാൻ വിമർശിച്ചത്,’ അമേരിക്കൻ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

താൻ വളർന്ന സമൂഹത്തിൽ നിന്നും പഠിച്ച നിരവധി പാഠങ്ങളിൽ ഒന്നാണ് ബഹുസ്വരതയെന്നും ന്യൂയോർക്ക് നഗരത്തിന്റെ മേയർ സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

’80 ലക്ഷം ആളുകളുണ്ട്. അവരിൽ പലരും മോദിയെ കാണുന്നത് വ്യത്യസ്തമായിട്ടാവും. അത് അവരുടെ അവകാശമാണ്. അവരെയെല്ലാം ഒരുപോലെ പ്രതിനിധീകരിക്കാൻ ഞാൻ ശ്രമിക്കും. കാരണം ന്യൂയോർക്കുകാർ എന്ന നിലയിൽ അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്,’ മാംദാനി പറഞ്ഞു.

ഈ വർഷം ആദ്യം നടന്ന ഡെമോക്രാറ്റിക് മേയർ പ്രൈമറിയിൽ മാംദാനി വിജയിച്ചതിന് ശേഷം, 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഒരു പഴയ വീഡിയോ വീണ്ടും പുറത്തുവന്നിരുന്നു. ഇതിനെതിരെ ഗുജറാത്തിൽ നിന്ന് മോദി മുസ്‌ലിങ്ങളെ തുടച്ചുനീക്കിയതായി മംദാനി ആരോപിച്ചിരുന്നു.

ന്യൂയോർക്ക് സന്ദർശന വേളയിൽ മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ഫോറത്തിൽ, മോദിയോടൊപ്പം മാംദാനി പങ്കെടുത്തിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാട്ടി ഇരുവരും യുദ്ധ കുറ്റവാളികളാണെന്ന് അദ്ദേഹം മറുപടി നൽകി.

ഡെമോക്രാറ്റിക് പാർട്ടിയിലും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയിലും നവംബർ 4 ന് നടക്കാനിരിക്കുന്ന ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലാണ് മംദാനി മത്സരിക്കുന്നത്.

Content Highlight: India today belongs to only a few: New York City mayoral candidate Sohran Mandani