അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലന്റ് അടക്കം 14 രാജ്യങ്ങളിലേക്കുള്ള നിയന്ത്രണം തുടരും
World News
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലന്റ് അടക്കം 14 രാജ്യങ്ങളിലേക്കുള്ള നിയന്ത്രണം തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th November 2021, 6:51 pm

ന്യൂദല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കും. 14 രാജ്യങ്ങള്‍ ഒഴികെ ഡിസംബര്‍ 15 മുതല്‍ കേന്ദ്രം സാധാരണ രീതിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംബാബ്വെ, സിംഗപ്പൂര്‍ എന്നിവയാണ് പട്ടികയില്‍ ഇടം പിടിക്കാത്ത രാജ്യങ്ങള്‍.

ലോകമെമ്പാടുമുള്ള കൊവിഡ് സാഹചര്യം പരിഗണിച്ചും രാജ്യത്ത് പുതിയ കൊവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കണക്കിലെടുത്തുമാണ് ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.

പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡി.ജി.സിയുടെ അനുമതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും പഴയ നിലയിലേക്ക് എത്തിയിരുന്നില്ല.

രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കി അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയിരുന്നു.

ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയര്‍ ബബിള്‍ കരാറുള്ളത്. കഴിഞ്ഞ വര്‍ഷം മേയിലാണ് സര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.

പരമാവധി 33 ശതമാനം വരെ സര്‍വീസ് നടത്താന്‍ എയര്‍ലൈനുകള്‍ക്ക് ആദ്യം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ആ പരിധി ക്രമേണ 80 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യം ഈ വര്‍ഷം ജൂണില്‍ 50 ശതമാനമായി കുറുക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS:  India to resume international flights from December 15, barring 14 countries