ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടണം; തുര്‍ക്കിയോട് ഇന്ത്യ
national news
ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടണം; തുര്‍ക്കിയോട് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd May 2025, 7:13 pm

ന്യൂദല്‍ഹി: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടണമെന്ന് തുര്‍ക്കിയോട് നിര്‍ദേശിച്ച് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് അവസാനിപ്പിക്കാനും തീവ്രവാദത്തിന് സാഹചര്യമുണ്ടാക്കുന്നതിനെതിരെയും നടപടിയെടുക്കാന്‍ തുര്‍ക്കി പാകിസ്ഥാനോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി.

പാകിസ്ഥാന്‍ പതിറ്റാണ്ടുകളായി സംരക്ഷിക്കുന്ന ഭീകരവാദ ആവാസവ്യവസ്ഥയ്‌ക്കെതിരെ (ടെറര്‍ എക്കോസിസ്റ്റം) വിശ്വസനീയവും പരിശോധിക്കാവുന്നതുമായ നടപടികള്‍ സ്വീകരിക്കാനും പാകിസ്ഥാനോട് ആവശ്യപ്പെടുമെന്ന് കരുതുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. പരസ്പരം ആശങ്കളോടെയുള്ള സംവേദനക്ഷമതയോടെയാണ് ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിലേക്കുള്ള ഇന്ത്യയുടെ ആക്രമണത്തില്‍ നേരത്തെ തുര്‍ക്കി അപലപിക്കുകയും പാകിസ്ഥാന് പിന്തുണ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പരാമര്‍ശം.

തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ശഷാ അനുമതി ബ്യൂറോ ഓഫ് സിവില്‍ ഏവിയേന്‍ സെക്യൂരിറ്റി റദ്ദാക്കിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യയിലെ തുര്‍ക്കി എംബസി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഈ തീരുമാനം സിവില്‍ ഏവിയേഷന്റേതാണെന്നാണ് മനസിലാക്കുന്നതെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സേനകള്‍ ഓപ്പറേഷന്‍ സിന്ദൂരിന് തയ്യാറായത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ അടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തുകയായിരുന്നു. പാക് അധീന കശ്മീരിലുമുള്ള ജെയ്‌ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകളാണ് ഓപ്പറേഷനിലൂടെ ഇന്ത്യ തകര്‍ത്തത്. ഓപ്പറേഷനില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായത്.

Content Highlight: India tells Turkey to ask Pakistan to end support for terrorism