ന്യൂദല്‍ഹി: അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ആക്രമണം നടത്തുമെന്ന് പറഞ്ഞ പാകിസ്ഥാന്‍ മന്ത്രിയുടെ സമൂഹ മാധ്യമ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. പാകിസ്ഥാന്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രിയായ അത്താവുള്ള തരാറിന്റെ എക്‌സ് അക്കൗണ്ടിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമപരമായ കാരണങ്ങളാല്‍ അക്കൗണ്ട് തടഞ്ഞ് വെക്കപ്പെട്ടിരിക്കുന്നു എന്നാണ് മന്ത്രിയുടെ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ കാണിക്കുന്നത്.
ഇന്ത്യക്കെതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉന്നയിച്ച പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ അക്കൗണ്ടും സമാനമായി കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇതിന് പുറമെ പ്രകോപനകരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകളും ഇന്ത്യ നിരോധിച്ചിരുന്നു. കൂടാതെ പല പാകിസ്ഥാന്‍ താരങ്ങളുടേയും ക്രിക്കറ്റര്‍മാരുടേയും അക്കൗണ്ടും നിരോധിച്ചിരുന്നു.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നായിരുന്നു അത്താവുള്ള തരാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിയുണ്ടാകുമെന്നാണ് അത്താവുള്ള തരാര്‍ പറഞ്ഞത്. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം.
പാക്കിസ്ഥാന്‍ ഭീകരതയുടെ ഇരയാണെന്നും ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരായ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നും അത്താവുള്ള തരാര്‍ അവകാശപ്പെട്ടിരുന്നു.
ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍, സത്യം കണ്ടെത്തുന്നതിനായി വിദഗ്ധര്‍ അടങ്ങുന്ന നിഷ്പക്ഷമായ ഒരു കമ്മീഷന്റെ അന്വേഷണം വേണമെന്നും അത്താര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുക്തിപരമായി ചലിക്കേണ്ട ഇന്ത്യ, യുക്തിരാഹിത്യത്തിന്റെയും ഏറ്റുമുട്ടലിന്റെയും അപകടകരമായ പാതയിലേക്ക് നീങ്ങാനാണ് ശ്രമിക്കുന്നതെന്നും അത്താവുള്ള തരാര്‍ പറയുകയുണ്ടായി.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുമുള്ള ഇറക്കുമതി ഇന്ത്യ തടഞ്ഞു. ഇറക്കുമതി നിരോധനം കൂടാതെ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് പാകിസ്ഥാന്‍ കപ്പലുകള്‍ പ്രവേശിക്കുന്നതും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.
വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. പാകിസ്ഥാനില്‍ നിന്ന് നിര്‍മിക്കുകയോ കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിക്കുന്നുവെന്നാണ് വിജ്ഞാപനം.
പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള ഇറക്കുമതികള്‍ നേരത്തെ കുറവായിരുന്നു. എന്നാല്‍ മൂന്നാം രാജ്യങ്ങള്‍ വഴി ഇറക്കുമതികള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള ഇറക്കുമതിയുമാണ് നിലവില്‍ ഇന്ത്യ നിരോധിച്ചിരിക്കുന്നത്.
Content Highlight: India suspends social media account of Pakistani minister who said India will attack Pakistan within 36 hours