ന്യൂദല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ഇന്ത്യന്‍ നാവികരുമായി യാത്ര ചെയ്തിരുന്ന കപ്പലുകള്‍ക്ക് നേര്‍ക്കുള്ള യു.എസിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഇന്ത്യ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വീണ്ടും പ്രതിഷേധമറിയിച്ചു. യു.എസ് എംബസി ഡെപ്യൂട്ടി ചീഫ് ജേസണ്‍ മിക്സിനെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യ യു.എസ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ആക്രമണങ്ങളില്‍ പ്രതിഷേധം അറിയുക്കുന്നത്. നേരത്തെ എം.ടി മാട്രിവെക്‌സ്, എം.ടി സെറ്റബെല്ല എന്നീ കപ്പലുകള്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു നയതന്ത്രപ്രതിനിധിയെ വിളിച്ചു വരുത്തിയത്.

പിന്നീട് എം.ടി ജല്‍വീര്‍ എന്ന കപ്പലിന് നേര്‍ക്ക് കൂടി ആക്രമണമുണ്ടാവുകയും ആക്രമണങ്ങള്‍ നടത്തിയതായി യു.എസ് സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഇന്ത്യ യു.എസ് പ്രതിനിധിയെ വിളിച്ച് പ്രതിഷേധം അറിയിക്കുന്നത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇന്ത്യക്കാരുമായി സഞ്ചരിച്ച മൂന്ന് കപ്പലുകള്‍ക്ക് നേര്‍ക്കായിരുന്നു യു.എസ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച 24 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ചിരുന്ന എം.ടി മാട്രിവെക്‌സ് എന്ന കപ്പലിന് നേര്‍ക്കാണ് ആദ്യത്തെ യു.എസ് ആക്രമണം. കപ്പലിലെ 24 നാവികരെയും രക്ഷിക്കാന്‍ സാധിച്ചിരുന്നു.

ഇതിന് പിന്നാലെ ബുധനാഴ്ച എം.ടി സെറ്റബെല്ല എന്ന എണ്ണക്കപ്പലും യു.എസ് ആക്രമിച്ചു. 24 ഇന്ത്യന്‍ നാവികരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 21 പേരെ രക്ഷിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ മൂന്ന് പേര്‍ യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

സെറ്റബെല്ല കപ്പലിന് നേര്‍ക്കുള്ള ആക്രമണത്തിന് ശേഷം എം.ടി. ജല്‍വീര്‍ എന്ന കപ്പലും യു.എസ് ആക്രമിച്ചു. 20 ഇന്ത്യന്‍ നാവികരായിരുന്നു ഈ കപ്പലിലുണ്ടായിരുന്നത്.

ജല്‍വീര്‍ കപ്പല്‍ ആക്രമണത്തിന് ശേഷം മൂന്ന് ആക്രമണങ്ങളും നടത്തിയത് യു.എസ് തന്നെയാണെന്ന് യു.എസിന്റെ സംയുക്ത സൈനിക കേന്ദ്രമായ സെന്‍ട്രല്‍ കമാന്‍ഡിന്റെ (സെന്റ്‌കോം) പ്രസ്താവന പുറത്ത് വന്നിരുന്നു. പ്രസ്താവനയില്‍ സെന്റ്‌കോം ആക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഇറാനെതിരായ ഉപരോധം ലംഘിച്ചതിനാണ് മൂന്ന് കപ്പലുകളെയും തങ്ങള്‍ ആക്രമിച്ചതെന്ന് സെന്റ്കോമിന്റെ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യക്കാരുമായി യാത്ര ചെയ്യവെ ആക്രമിക്കപ്പെട്ട എം.ടി. ജല്‍വീര്‍, എം.ടി മാട്രിവെക്സ്, എം.ടി സെറ്റബെല്ലോ എന്നീ ചരക്കുകപ്പലുകളുടെ പേരെടുത്ത് പറഞ്ഞ് ഈ കപ്പലുകളെ ആക്രമിച്ചതായി പ്രസ്താവനയില്‍ സമ്മതിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് എണ്ണ കടത്താനായി ശ്രമിക്കവെയാണ് കപ്പലുകള്‍ ആക്രമിച്ചതെന്നും യു.എസ് അവകാശപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ക്ക് നേര്‍ക്ക് തുടര്‍ച്ചയായി യു.എസ് ആക്രമണങ്ങളുണ്ടാവുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. ആക്രമണങ്ങളില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധമറിയിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനത്തെയും പ്രതിപക്ഷ കക്ഷികള്‍ ചോദ്യം ചെയ്തിരുന്നു.

ഇന്ത്യന്‍ നാവികരുടെ മരണങ്ങളില്‍ ഇറാന്‍ അപലപിച്ചെന്നും ഇന്ത്യയ്ക്ക് ഇതുപോലെ ഒരു ദുര്‍ബലനായ പ്രധാനമന്ത്രി മുന്‍പുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ തൃപുര ഘടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ആക്രമണങ്ങളെ ‘സായുധ കൊള്ള’ എന്നും കടല്‍ക്കൊള്ള’ എന്നും വിശേഷിപ്പിച്ച് ഇറാന്‍ അപലപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ തൊഴിലാളികളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക്, യു.എസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കാന്‍ പോലും സമയമില്ലെന്ന് ഒവൈസി വിമര്‍ശിച്ചു.

Content Highlight: India summons US diplomat over Ship attacks off Oman coast