സൂര്യവംശിയും മാഹ്‌ത്രെയും നേരത്തെ മടങ്ങി; ഫൈനലില്‍ പാകിസ്ഥാന് മുന്നില്‍ ഇന്ത്യ പതറുന്നു
Cricket
സൂര്യവംശിയും മാഹ്‌ത്രെയും നേരത്തെ മടങ്ങി; ഫൈനലില്‍ പാകിസ്ഥാന് മുന്നില്‍ ഇന്ത്യ പതറുന്നു
ഫസീഹ പി.സി.
Sunday, 21st December 2025, 4:20 pm

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നിലവില്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ യുവ ടീം പതറുകയാണ്. 13 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 90 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ കനിഷ്‌ക് ചൗഹാന്‍ (അഞ്ച് പന്തില്‍ മൂന്ന്), ഖിലാണ് പട്ടേല്‍ (രണ്ട് പന്തില്‍ മൂന്ന്) എന്നിവരാണ് ക്രീസിലുള്ളത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ 348 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടരുന്ന മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. മൂന്ന് ഓവറില്‍ ടീം 32 റണ്‍സ് നേടി എന്ന നിലയില്‍ എത്തിയിരുന്നു. എന്നാല്‍, അതേ സ്‌കോറില്‍ ആയുഷ് മാഹ്‌ത്രെ മടങ്ങി. ഏഴ് പന്തില്‍ രണ്ട് റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം.

വൈഭവ് സൂര്യവംശി.  Photo: Johns/x.com

ഏറെ വൈകാതെ 49 റണ്‍സില്‍ ആരോണ്‍ വര്‍ഗീസും തിരികെ നടന്നു. ഒമ്പത് പന്തില്‍ 16 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അടുത്ത ഓവറില്‍ ഇതേ സ്‌കോറില്‍ പത്ത് പന്തില്‍ 26 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയും പുറത്തായി.

പത്ത് റണ്‍സ് ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ഇത്തവണ 13 പന്തില്‍ ഏഴ് റണ്‍സെടുത്ത വിഹാന്‍ മല്‍ഹോത്രയാണ് പുറത്തായത്. രണ്ട് ഓവറുകള്‍ക്ക് അപ്പുറം വേദന്ത് ത്രിവേദിയും മടങ്ങി. 14 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു താരത്തിന്റെ സ്‌കോര്‍. ഏറെ വൈകാതെ ടീമിന് ആറാം വിക്കറ്റും നഷ്ടമായി. 20 പന്തില്‍ 13 റണ്‍സ് എടുത്താണ് അഭിഗ്യാന്‍ അഭിഷേക് കുണ്ടു ഔട്ടായത്.

പാകിസ്ഥാനായി അബ്ദുല്‍ സുബ്ഹാന്‍, മുഹമ്മദ് സയ്യാം, അലി റാസ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

സമീർ മിൻഹാസ്. Photo: Fakhrian/x.com

നേരത്തെ, പാകിസ്ഥാനായി മികച്ച പ്രകടനം നടത്തിയത് സമീര്‍ മിന്‍ഹാസാണ്. താരം 113 പന്തില്‍ 172 റണ്‍സെടുത്തു. കൂടാതെ അഹമ്മദ് ഹുസൈന്‍ 72 പന്തില്‍ 56 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കനിഷ്‌ക് ചൗഹാന്‍ ഒരു വിക്കറ്റുമെടുത്തു.

Content Highlight: India struggles in U19 Asia Cup final against Pakistan

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി