ഐ.പി.എല്‍ കഴിഞ്ഞതിന് ശേഷം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചില്ല. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഇഷാന്‍ കിഷനാണ് സെക്കന്റ് വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് ഇത്തവണയും അവസരം ലഭിക്കാതെ പോവുകയായിരുന്നു.
ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജു അപ്രതീക്ഷിതമായിട്ടായിരുന്നു ഫോര്‍മാറ്റില്‍ നിന്ന് പുറത്തായത്. നിലവില്‍ 16 ഏകദിനത്തില്‍ നിന്ന് 510 റണ്‍സാണ് സഞ്ജു നേടിയത്. 108 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് അവസാനമായി സഞ്ജു ഏകദിനത്തില്‍ കളത്തിലിറങ്ങിത്. 2023 ഡിസംബര്‍ 21ന് നടന്ന സീരീസ് ഡിസൈഡറില്‍ സഞ്ജു 114 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്നാല്‍ ഇതിന് ശേഷം സഞ്ജുവിന് ഏകദിനത്തില്‍ അര്‍ഹിച്ച സ്ഥാനം ഇതുവരെ ലഭിച്ചിട്ടില്ല.
ടീമില്‍ രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഏകദിന ടീമില്‍ ഇടം പിടിച്ചെങ്കിലും ഇരുവരുടെയും ഫിറ്റ്‌നസ് വിലയിരുത്തിയതിന് ശേഷമായിരിക്കും ടീമില്‍ അവസരം ലഭിക്കുക.
ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ടീമില്‍ അവസരം ലഭിച്ചില്ല. പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ, കുര്‍ണൂര്‍ ബ്രാര്‍ എന്നിവരും ഏകദിന ടീമില്‍ ഇടം നേടി.
അതേസമയം അഫ്ഗാനെതിരെയുള്ള ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിഷബ് പന്തിനെ നീക്കം ചെയ്തു. കെ.എല്‍ രാഹുലാണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍. യുവതാരം മാനവ് സുത്താര്‍ ടീമില്‍ ഇടം നേടി.
ജൂണ്‍ ആറ് മുതല്‍ 11 വരെയാണ് അഫ്ഗാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. ജൂണ്‍ 14 മുതല്‍ 20 വരെയാണ് ഏകദിന പരമ്പര അരങ്ങേറുക.