ന്യൂദല്‍ഹി: ഐക്യരാക്ഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചക്കിടെ കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ തുടര്‍ച്ചയായ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ.
വനിതകള്‍, സമാധാനം, സുരക്ഷാ എന്നീ വിഷയങ്ങളില്‍ നടന്ന തുറന്ന ചര്‍ച്ചക്കിടെയായിരുന്നു പാകിസ്ഥാന്റെ പഴയ ചരിത്രം ഓര്‍മിപ്പിച്ച് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി പര്‍വ്വതനേനി ഹരീഷ് രംഗത്തെത്തിയത്.
സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായി വംശഹത്യ നടപ്പാക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനും അതിശയോക്തി കലര്‍ന്ന ചില പ്രസ്താവനകള്‍ പുറപ്പെടുവിക്കാനും മാത്രമേ കഴിയുള്ളൂവെന്നായിരുന്നു ഇന്ത്യയുടെ വിമര്‍ശനം.
1971 ലെ ഓപ്പറേഷന്‍ സെര്‍ച്ച്ലൈറ്റിന്റെ ഭാഗമായി 400,000 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിനെതിരെയും കഴിഞ്ഞ മാസം ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതിനെയും ചൂണ്ടിക്കാട്ടിയാണ് ‘പാക്കിസ്ഥാന്‍ സ്വന്തം ജനതയെ ബോംബെറിയുന്നു’ എന്ന പരാമര്‍ശം ഇന്ത്യ ഉന്നയിച്ചത്.
പതിറ്റാണ്ടുകളായി കശ്മീരിലെ സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ സഹിച്ചുവരുന്നു എന്ന പാകിസ്ഥാന്‍ പ്രതിനിധി സൈമ സലിമിന്റെ പ്രസംഗത്തിന് എതിരെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യയുടെ ചരിത്രം കളങ്കരഹിതമാണെന്നും ലോകം പാകിസ്ഥാന്റെ പ്രചാരണങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വര്‍ഷവും നിര്‍ഭാഗ്യവശാല്‍ തന്റെ രാജ്യത്തിനെതിരെ, പ്രത്യേകിച്ച് അവര്‍ കൊതിക്കുന്ന ഇന്ത്യന്‍ പ്രദേശമായ ജമ്മുകശ്മീരിനെതിരെ പാകിസ്ഥാന്റെ അതിശയോക്തി നിറഞ്ഞ വിമര്‍ശങ്ങള്‍ കേള്‍ക്കാന്‍ തങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഐക്യരാക്ഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമല്ല. സെപ്റ്റംബറില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെയും ഇന്ത്യ രംഗത്തെത്തിയിരുന്നു.
1971 ല്‍ നടന്ന ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റിന്റെ ഭാഗമായി സ്ത്രീകളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പൗരന്മാര്‍ പീഡനത്തിന് ഇരയായിരുന്നു. നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും സ്ത്രീകളുള്‍പ്പെടെ സൈന്യത്തിന്റെ അതിക്രമത്തിന് ഇരയാവുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലെ കുപ്രസിദ്ധ സൈനിക കമാന്‍ഡര്‍ ജനറല്‍ ടിക്ക ഖാനാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.
Content Highlight: India Slams Pakistan at UN: Accuses of ‘Self-Bombing’ and ‘Genocide’