ധാക്ക വിമാനാപകടം; മെഡിക്കല്‍ സംഘത്തെ അയക്കാനൊരുങ്ങി ഇന്ത്യ
India
ധാക്ക വിമാനാപകടം; മെഡിക്കല്‍ സംഘത്തെ അയക്കാനൊരുങ്ങി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd July 2025, 9:08 am

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി പൊള്ളല്‍ ചികിത്സയ്ക്ക് സ്‌പെഷ്യലൈസ് ചെയ്ത മെഡിക്കല്‍ സംഘത്തെ ധാക്കയിലേക്ക് അയക്കാന്‍ ഒരുങ്ങി ഇന്ത്യ. പൊള്ളല്‍ ചികിത്സയില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒരു സംഘത്തെ ഉടന്‍തന്നെ ധാക്കയിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

തിങ്കളാഴ്ചയായിരുന്നു ബംഗ്ലാദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് വീണത്. അപടകത്തില്‍ 25 കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 171 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും എട്ട് മുതല്‍ 14 വയസ് വരെ പ്രായമുള്ള സ്‌കൂള്‍ കുട്ടികളാണ്. ധാക്കയിലെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ കോളേജ് കെട്ടിടത്തിലേക്കായിരുന്നു വിമാനം പതിച്ചത്. സ്‌കൂളിലേക്ക് ഇടിച്ചുകയറിയ ശേഷം വിമാനത്തിന് തീപിടിക്കുകയായിരുന്നു.

ചൈനീസ് നിര്‍മിത എഫ് -7 ബി.ജെ.ഐ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ബംഗ്ലാദേശ് സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിമാനത്തിന്റെ പൈലറ്റും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. യന്ത്രകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂ. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബംഗ്ലാദേശ് വ്യോമസേന ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു.

അപകടത്തെ തുടര്‍ന്ന് ബംഗ്ലാദേശ് ഇടക്കാല പ്രസിഡന്റ് മുഹമ്മദ് യൂനുസ് രാജ്യത്ത് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ വ്യോമസേനയ്ക്കും മൈല്‍സ്റ്റോണ്‍ സ്‌കൂളിലെയും കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടായ നഷ്ടം നികത്താനാവാത്തതാണെന്ന് യൂനുസ് പറഞ്ഞു.

നിരവധി രാജ്യങ്ങള്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ അനുശോചനം അറിയിച്ചു. അപകടത്തില്‍ ഇന്ത്യ അഗാധമായി നടുങ്ങിപ്പോയെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും അപകടത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതിന് സമാനമായ അപകടമാണിത്. ജൂണ്‍ 12ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ, ലണ്ടനിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ അഹമ്മദാബാദിലെ ഹോസ്റ്റല്‍ സമുച്ചയത്തിന് മുകളില്‍ തകര്‍ന്നുവീഴുകയായിരുന്നു.

അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലും പരിസരത്തുമായി ഉണ്ടായിരുന്ന 19 പേരും മരിച്ചു. ഒരു യാത്രക്കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്.

Content Highlight: India sends team of burn-specialist doctors to Dhaka