സഞ്ജു പുറത്ത്, ടീമിൽ വൈഭവും പഞ്ചാബ് താരവും; സിംബാബ്‌വേ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Cricket
സഞ്ജു പുറത്ത്, ടീമിൽ വൈഭവും പഞ്ചാബ് താരവും; സിംബാബ്‌വേ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
സുദേവ് എ
Monday, 6th July 2026, 7:50 pm

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചില്ല. ഓപ്പണറായി വൈഭവ് സൂര്യവംശി ടീമില്‍ ഇടം നേടി. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി-20യില്‍ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. സഞ്ജുവിന് പകരം വൈഭവ് ആയിരുന്നു ടീമില്‍ ഓപ്പണറായി കളത്തിലിറങ്ങിയത്.

2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്.

മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു. ടി-20 ലോകകപ്പിലെ താരമായിട്ടും ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് ആരാധകരില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രഭ്സിമ്രാൻ സിങ്. Photo: IndianPremierLeague/x.com

ടീമില്‍ പഞ്ചാബ് കിങ്സ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് ഇടം നേടി. ആദ്യമായാണ് താരം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. ഈ സീസണില്‍ പഞ്ചാബിന് വേണ്ടി നടത്തിയ മിന്നും പ്രകടനമായിരുന്നു താരം നടത്തിയത്. പഞ്ചാബിനൊപ്പം 14 മത്സരങ്ങളില്‍ നിന്നും 510 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്. ആറ് അര്‍ധ സെഞ്ച്വറികളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.

റിങ്കു സിങ്, മയാങ്ക് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, അശോക് ശര്‍മ എന്നിവരും പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടി.

ജൂലൈ 23നാണ് സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പരക്ക് തുടക്കമാവുന്നത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ആദ്യ മത്സരം.

സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്ജെ, റിങ്കു സിങ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് താക്കൂര്‍, അശോക് ശര്‍മ, മയാങ്ക് യാദവ്, പ്രഭ്‌സിമ്രാന്‍ സിങ്.

 

Content Highlight: India’s squad for the series against Zimbabwe announced, Sanju Samson not included in the team

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.