കൊറോണക്ക് മുന്‍പേ പട്ടിണി ഞങ്ങളെ കൊല്ലുമോ: ഇന്ത്യയിലെ തൊഴിലാളികള്‍
ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 തടയാന്‍ ലോക്ക് ഡൗണ്‍ അനിവാര്യമാണ്. പക്ഷെ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ കടുത്ത പ്രതിസന്ധിയിലാക്കിയ ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്ക പറയാനുള്ളത് ഇത് കൂടിയാണ്.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ജനങ്ങളോടും വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസവും ഇന്ത്യയിലെ പ്രധാന തൊഴില്‍ ചന്തകളിലൊന്നായ നോയിഡയിലെ ലേബര്‍ ചൗക്കില്‍ എത്തിയത് നിരവധി പേരാണ്. കാരണം കൊറോണയേക്കാള്‍ അവര്‍ ഭയക്കുന്നത് പട്ടിണിയെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നോയിഡയിലെ ലേബര്‍ ചൗക്കില്‍ നിത്യേന നൂറ് കണക്കിന് നിര്‍മാണ തൊഴിലാളികളാണ് അന്നന്നത്തെ ജോലി അന്വേഷിച്ച് എത്താറ്. ഇപ്പോള്‍ കൊവിഡ് 19 നിര്‍മ്മാണ മേഖലയെ ആകെ സ്തംഭിപ്പിച്ചപ്പോള്‍ പ്രതിന്ധിയിലായത് 600 രൂപ ദിവസകൂലിക്ക് പണി നോക്കുന്ന ഇവര്‍ കൂടിയാണ്.

തങ്ങള്‍ക്കറിയാം ഇന്നാരും ജോലിക്ക് വിളിക്കില്ലെന്ന് പക്ഷേ ആരേങ്കിലും വിളിച്ചാലോ. ഈ പ്രതീക്ഷയ്ക്ക് പുറത്താണ് ബാണ്ട ജില്ലയില്‍ നിന്ന് രമേഷ് കുമാര്‍ ലേബര്‍ ചൗക്കില്‍ എത്തിയത്.

അഞ്ച് പേരടങ്ങുന്ന കുടുംബത്തെ നോക്കാനുണ്ട്. കുറച്ച് ദിവസം കൂടി കഴിഞ്ഞാല്‍ വീട്ടില്‍ ഭക്ഷണമുണ്ടാകില്ല. കൊറോണ വൈറസിന്റെ ഗൗരവം അറിയാഞ്ഞിട്ടല്ല. പക്ഷെ കുട്ടികള്‍ വിശന്നിരിക്കുന്നത് കാണാന്‍ കഴിയില്ലല്ലോ.

പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്ത അഭിസംബോധന ചെയ്തതിന് പിന്നാലെ ഉയര്‍ന്നത് മറ്റൊരു ആശങ്ക നിറഞ്ഞ ചോദ്യം കൂടിയായിരുന്നു കൊറോണ കൊണ്ടു പോകുന്നതിന് മുന്നേ തങ്ങളെ പട്ടിണി കൊണ്ടു പോകുമോ എന്ന ചോദ്യം. ആ ചോദ്യം ഉയര്‍ത്തിയത് ഇവിടുത്തെ കോടികണക്കിന് വരുന്ന ദിവസ കൂലിക്ക് പണിയെടുക്കുന്ന ശരാശരി ഇന്ത്യന്‍ ജനതയാണ്.

രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആശങ്കകള്‍ക്ക് ഉത്തരം നല്‍കാതെ അവരുടെ മുന്നില്‍ ചോദ്യങ്ങള്‍ മാത്രം നിരത്തുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നാണ് ലോക്ക് ഡൗണ്‍ അനിവാര്യമാണെന്ന് പറയുമ്പോഴും പ്രതിപക്ഷ കക്ഷികളടക്കം രാഷ്ട്രീയ സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെ സ്ഥിതി പ്രതീക്ഷിച്ചതിലും രൂക്ഷമാകും ഇനിയുള്ള ദിവസങ്ങളിലെന്നാണ് ബി.ബി.സി റിപ്പോര്‍ട്ടര്‍ വികാസ് പാണ്ടേ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പ് പറഞ്ഞ രമേഷ് കുമാറിന്റേത് ഒറ്റപ്പെട്ട ശബ്ദമല്ല. ഇന്ത്യയിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികളുടെ ആശങ്ക കൂടിയാണത്. ലേബര്‍ ചൗക്കിലെ പോലെ അന്നന്നത്തെ ഭക്ഷണത്തിനൊപ്പം അന്നന്നത്തെ തൊഴില്‍ കൂടി തേടേണ്ടി വരുന്ന പതിനായിരക്കണക്കിന് ആളുകളുള്ള നാട് കൂടിയാണ് ഇന്ത്യ എന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട തന്നെ് രമേഷ് കുമാറിന്റേതിന് സമാനമായ അവസ്ഥയില്‍ ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും രാജ്യത്തുണ്ട്. ലോക്ക് ഡൗണ്‍ എന്നാല്‍ ഇവര്‍ക്ക് 21 ദിവസത്തെ വരുമാനം ഇല്ല എന്നു കൂടിയാണ് അര്‍ത്ഥം.

ഇന്ത്യാ ഗേറ്റിനു മുന്നില്‍ ഫോട്ടോഗ്രാഫറായി ജോലി നോക്കുന്ന തേജ്പാല്‍ കശ്യപ് പറയുന്നത് രണ്ടാഴ്ച്ചയിലധികമായി വരുമാനം ഇല്ലാതായിട്ട് എന്നാണ്. തിരിച്ച് നാട്ടിലേക്കും ജോലിക്കും പോകാനാകാതെ താന്‍ ദല്‍ഹിയില്‍ തന്നെ കുടുങ്ങിയ അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ മുഴുവന്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഒരു മാസത്ത ഭക്ഷണ കിറ്റ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ മന്ത്രി തല തീരുമാനം എടുത്തു കഴിഞ്ഞു. ഉത്തര്‍പ്രദേശിലും തൊഴിലാളികള്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇത് കൊണ്ട് മാത്രം ജനത്തിന്റെ ആശങ്ക തീരുന്നില്ല.

ഇന്ത്യയിലെ വര്‍ക്ക് ഫോഴ്‌സിന്റെ 90 ശതമാനവും ഇന്‍ഫോര്‍മല്‍ സെക്ടറില്‍ ജോലി നോക്കുന്നവരാണെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് പെന്‍ഷന്‍, സിക്ക് ലീവ്, പെയ്ഡ് ലീവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒന്നും ഇല്ലാതെ ജോലി നോക്കുന്നവര്‍. 21 ദിവസത്തെ വരുമാന നഷ്ടം ഇവരെ വലിയ പ്രതിസന്ധിയിലേക്കാകും തള്ളിവിടുക എന്നാണ് സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇതിനോടൊപ്പം രാജ്യത്ത് അയല്‍ സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന നിരവധി പേരുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയായിരിക്കും ഇവര്‍ കടന്നു പോകുക. ഇന്ത്യയിലെ ഒരു സര്‍ക്കാരും ഇതിനു മുന്‍പ് ഇത്തരമൊരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടില്ലെന്നാണ് ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടത്.

ദിനംപ്രതി സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. അത്‌കൊണ്ട് തന്നെ സര്‍ക്കാര്‍ മിന്നല്‍ വേഗത്തില്‍ പണിയെടുക്കേണ്ട സമയമാണിത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കാന്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പൈസയായും, അരിയും ഗോതമ്പുമുള്‍പ്പെടെയുള്ള ധാന്യങ്ങള്‍ വിതരണം ചെയ്തും സര്‍ക്കാരുകള്‍ ജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് പോലെ ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളില്‍ കൊവിഡ് ഊഹിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുഗതാഗത സംവിധാനം നിലച്ചതോടെ ഓട്ടോ ബസ് ജീവനക്കാരുള്‍പ്പെടെ നിരവധി തൊഴിലാളികള്‍ക്കും വരുമാനമില്ലാത്ത അവസ്ഥയാണ്. ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിന് മുന്നേ തന്നെ യാത്രക്കാരില്‍ വന്‍ തോതില്‍ ഉളള കുറവാണ് ഉണ്ടായതെന്നും ആഴ്ച്ചകളായി വരുമാനം ഇല്ലാത്ത പ്രതിസന്ധിയിലാണ് ഉള്ളതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

കൊവിഡ് പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍, സംരംഭകര്‍, സെക്യൂരിറ്റി ജീവനക്കാര്‍, പെട്ടികട നടത്തുന്നവര്‍, ക്ലീനിങ്ങ് തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരും കടന്നു പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ്. രാജ്യം ഇത് വരെ കണ്ടിട്ടില്ലാത്ത ഈ കടുത്ത പ്രതിസന്ധിയെ നേരിടാന്‍ തങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം കൂടിയേ തീരു എന്നാണ് ഒറ്റകെട്ടായി ഇവര്‍ പറയുന്നത്. കൊവിഡ്-19 നെ പ്രതിരോധിക്കാന്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അനിവാര്യമായ നടപടി തന്നെയാണ്. പക്ഷെ, കോവിഡിനൊപ്പം ലോക്ക് ഡൗണിനെക്കൂടി അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ഉണ്ടാകണമെന്ന് മാത്രം..