ഒടുവിൽ അയർലാൻഡും; ഗംഭീർ യുഗത്തിലെ ഇന്ത്യയുടെ ഗംഭീര തോൽവികൾ
Cricket
ഒടുവിൽ അയർലാൻഡും; ഗംഭീർ യുഗത്തിലെ ഇന്ത്യയുടെ ഗംഭീര തോൽവികൾ
സുദേവ് എ
Saturday, 27th June 2026, 12:58 pm

അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിന്റെ ചരിത്ര വിജയമാണ് ഐറിഷ് പട ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്ത അയ്യരുടെ അരങ്ങേറ്റം തിരിച്ചടിയോടെയായിരുന്നു. ഐറിഷ് പടക്കെതിരെ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ട് വിജയം ഇന്ത്യ നേടിയപ്പോള്‍ ആദ്യമായാണ് ഐറിഷ് പട ഇന്ത്യയെ കീഴടക്കിയത്.

അയർലാൻഡ് ക്രിക്കറ്റ് ടീം

ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതയേറ്റത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതുവരെയില്ലാതിരുന്ന പല മോശം റെക്കോഡുകളും തോല്‍വികളും ഇന്ത്യ നേരിട്ടിരുന്നു. ഇപ്പോള്‍ അയര്‍ലാന്‍ഡിനെതിരെയുള്ള ആദ്യം മത്സരത്തിലെ തോല്‍വിയോടെ ഗംഭീര്‍ യുഗത്തില്‍ മറ്റൊരു മോശം നേട്ടവും ഇന്ത്യന്‍ ക്രിക്കറ്റിനെ തേടിയെത്തിയിരിക്കുകയാണ്.

ഗൗതം ഗംഭീര്‍

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ അയര്‍ലാന്‍ഡിന് മുന്നില്‍ കീഴടങ്ങുന്നത്. ഈ തോല്‍വി മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ഗംഭീറിന്റെ കീഴില്‍ വലിയ തിരിച്ചടികളിലൂടെ കടന്ന് പോയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനങ്ങള്‍ പുറത്തെടുത്തത്.

ഇതുവരെ ഇന്ത്യ തോല്‍ക്കാത്ത പല ടീമുകളോടും ഇന്ത്യ പരാജയപ്പെടുകയും പല മോശം റെക്കോഡുകള്‍ പിറവിയെടുക്കുകയും ചെയ്തു.

ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇതുവരെ

– 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടു.

– ചരിത്രത്തിലാദ്യമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് 30 വിക്കറ്റുകളും നഷ്ടമായി.

– 45 വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ ഇയറില്‍ ഒറ്റ ഏകദിന മത്സരം പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.

– 36 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ന്യൂസിലാന്‍ഡ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം വിജയിച്ചു.

– 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യ ചിന്നസ്വാമിയില്‍ ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ടു.

– 1983ന് ശേഷം ഇതാദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഹോം ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടു.

– 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു.

– ചരിത്രത്തിലാദ്യമായി ഹോം ടെസ്റ്റില്‍ 50ല്‍ താഴെ റണ്‍സ് നേടി.

– ചരിത്രത്തിലാദ്യമായി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ 3-0ന് പരാജയപ്പെടുത്തി.

– 2000ന് ശേഷം ഒന്നിലധികം മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും വിജയിക്കാതെ പരാജയം.

– 2012ന് ശേഷം ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരത്തിലും പരാജയം.

– ഹോം കണ്ടീഷനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം (3-0).

– 2014-15ന് ശേഷം ഓസ്ട്രേലിയക്കെതിരെ ആദ്യമായി ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു.

– ആദ്യമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചില്ല.

– അഞ്ച് സെഞ്ച്വറികള്‍ നേടിയതിന് ശേഷം ഒരു ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. (ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം)

– 92 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ രണ്ടാമത്തെ തവണ 350+ റണ്‍സ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. (ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം)

– ഇംഗ്ലണ്ടിനെതിരെ 200 റണ്‍സില്‍ താഴെ വിജയലക്ഷ്യം പിന്തുടരുന്നതില്‍ രണ്ടാം തവണ ഇന്ത്യ പരാജയപ്പെട്ടു. (ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 190 റണ്‍സ്)

– 11 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഇന്ത്യ 600+ റണ്‍സ് വഴങ്ങി (മാഞ്ചസ്റ്റരില്‍ ഇംഗ്ലണ്ടിനെതിരെ 669 റണ്‍സ്)

– 17 വര്‍ഷങ്ങള്‍ക്ക് ശേഷം അഡലെയ്ഡില്‍ നടന്ന ഏകദിനത്തില്‍ പരാജയപ്പെട്ടു. (ഓസ്ട്രേലിയക്കെതിരെ)

– 15 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെട്ടു.

-എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ പരാജയപ്പെട്ടു. (തുടര്‍ച്ചയായ 9 വിജയങ്ങള്‍ക്ക് ശേഷം)

– ടെസ്റ്റില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.

– 25 വര്‍ഷങ്ങള്‍ക്ക് ശേഷം സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു.

– ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ഏറ്റവും വലിയ തോല്‍വി നേരിട്ടു. (സൗത്ത് ആഫ്രിക്കക്കെതിരെ 408 റണ്‍സ് തോല്‍വി)

– ഇന്ത്യയില്‍ ഒരു സന്ദര്‍ശക ടീം ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം ഇന്ത്യക്കെതിരെ നേടി. (സൗത്ത് ആഫ്രിക്ക 549 റണ്‍സ്)

– 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു താരം ഒരു സെഞ്ച്വറി പോലും നേടാതെ ഇന്ത്യ ഒരു ഹോം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കി.

– തുടര്‍ച്ചയായ കലണ്ടര്‍ വര്‍ഷങ്ങളില്‍ ആദ്യമായി ഹോം ടെസ്റ്റുകളില്‍ വൈറ്റ്വാഷ് ചെയ്തു. (ന്യൂസിലാന്‍ഡ്-2024, സൗത്ത് ആഫ്രിക്ക-2025)

– ആദ്യമായി സൗത്ത് ആഫ്രിക്ക ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ 300+ റണ്‍സ് പിന്തുടര്‍ന്നു.

– ടെസ്റ്റില്‍ സൗത്ത് ആഫ്രിക്ക ഇന്ത്യയ്ക്കെതിരെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്സ് നടത്തി. (450 റണ്‍സ്)

– ന്യൂസിലന്‍ഡ് ഇന്ത്യയ്ക്കെതിരെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്സ് നടത്തി. (285 റണ്‍സ്)

– ആദ്യമായി ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഹോം ഏകദിന പരമ്പര പരാജയപ്പെട്ടു.

– ആദ്യമായി ഇന്‍ഡോറില്‍ ഇന്ത്യ ഒരു ഏകദിന മത്സരം പരാജയപ്പെട്ടു.

– ആദ്യമായി ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഒരു ഏകദിന പരമ്പര പരാജയപ്പെട്ടു.

– അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യമായി അയര്‍ലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തി.

ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനങ്ങള്‍ നടത്തിയെങ്കിലും മറ്റ് രണ്ട് ഫോര്‍മാറ്റുകളില്‍ ഇന്ത്യ ഭേദപ്പെട്ട ചൂടിയിട്ടുണ്ട്. 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി, 2025 ഏഷ്യ കപ്പ്, 2026 ഐ.സി.സി ടി-20 ലോകകപ്പ് എന്നീ കിരീടങ്ങള്‍ ഗംഭീറിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീം

അതേസമയം അയര്‍ലാന്‍ഡിനെതിരെയുള്ള അവസാന ടി-20 പോരാട്ടം നാളെയാണ് നടക്കുന്നത്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് സ്വന്തം മണ്ണില്‍ ചരിത്ര പരമ്പര വിജയമായിരിക്കും അയര്‍ലാന്‍ഡ് ലക്ഷ്യം വെക്കുക. മറുവശത്ത് അവസാന മത്സരം കൈപ്പിടിയിലാക്കി പരമ്പര സമനിലയാക്കാനാവും ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുക.

 

Content Highlight: India’s poor performances under Gautam Gambhir so far

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.