ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരകള്‍ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഏകദിന ഫോര്‍മാറ്റില്‍ കളിക്കുക. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി.
2025 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്. നിലവില്‍ വിരാടും രോഹിത്തും കളിക്കുന്നത് ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ്.
2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കമായിരിക്കും ഓരോ ഏകദിന മത്സരങ്ങളിലും. അതിന്റെ ഭാഗമായി രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുകയും ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്‍, ഇന്ത്യന്‍ ടി-20 ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്. ഗില്ലിന്റെ ഏകദിന ക്യാപ്റ്റന്‍സിയുടെ അരങ്ങേറ്റത്തിന് കൂടിയാകും പെര്‍ത് സാക്ഷ്യം വഹിക്കുക.
എന്നാല്‍ ഈ മത്സരം മാത്രമല്ല, ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് മത്സരത്തിലും ഇന്ത്യ നാളെ കളത്തിലിറങ്ങുന്നുണ്ട്. ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഇതുവരെ ഒറ്റ മത്സരം പരാജയപ്പെട്ടിട്ടില്ല.
നാല് മത്സരത്തില്‍ നിന്നും മൂന്ന് വിജയത്തോടെ ഏഴ് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. കരുത്തരായ സൗത്ത് ആഫ്രിക്കയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് നാറ്റ് സിവര്‍ ബ്രണ്ടും സംഘവും ലോകകപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ബംഗ്ലാദേശിനെതിരെ നാല് വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരെ 89 റണ്‍സിനും ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.
പാകിസ്ഥാനെതിരായ മത്സരം മഴയെടുത്തതോടെ ഫലമില്ലാതെ പിരിയുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ വിജയം സ്വന്തമാക്കി സെമി ഫൈനലിലേക്ക് അടുക്കാന്‍ തന്നെയാകും ഇംഗ്ലണ്ട് ഒരുങ്ങുന്നത്.
അതേസമയം, സെമി ബെര്‍ത്തുറപ്പിക്കാന്‍ പാടുപെടുകയാണ് ഇന്ത്യ. നിലവില്‍ കളിച്ച നാല് മത്സരത്തില്‍ രണ്ട് വിജയവും രണ്ട് പരാജയവുമാണ് ഇന്ത്യയ്ക്കുള്ളത്. ഒടുവില്‍ കളിച്ച രണ്ട് മത്സരത്തിലും തോല്‍വിയായിരുന്നു ഫലം.
ടൂര്‍ണമെന്റിന്റെ സഹ ആതിഥേയരായ ശ്രീലങ്കയായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ഡി.എല്‍.എസ് മെത്തേഡിലൂടെ 59 റണ്‍സിനാണ് ഹര്‍മനും സംഘവും ചമാരിപ്പടയെ കെട്ടുകെട്ടിച്ചത്.
അടുത്ത മത്സരത്തില്‍ പാകിസ്ഥാനെതിരെ 88 റണ്‍സിന്റെ ആധികാരിക വിജയം നേടിയെങ്കിലും പ്രോട്ടിയാസിനെതിരായ മൂന്നാം മത്സരത്തില്‍ തോറ്റു. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
നാലാം മത്സത്തില്‍ എതിരാളികള്‍ കരുത്തരായ ഓസീസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റണ്‍സ് അടിച്ചെടുത്തെങ്കിലും ഹീലി ഹെയ്ല്‍സ്‌റ്റോമിന് മുമ്പില്‍ അടിയറവ് പറയുകയായിരുന്നു.
ഇനിയൊരു തോല്‍വി തങ്ങളുടെ സെമി പ്രവേശം പോലും തുലാസിലാക്കിയേക്കുമെന്ന ഉത്തമബോധ്യമുള്ളതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടായിരിക്കും ഹര്‍മനും സംഘവും കളത്തിലിറങ്ങുക.
Content Highlight: India’s men’s and women’s teams will take to the field on Sunday