ന്യൂദല്‍ഹി: ഇന്ത്യയുടെ ശിശുമരണ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 80 ശതമാനം കുറഞ്ഞതായാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ 2023ലെ സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (എസ്.ആര്‍. എസ്) റിപ്പോര്‍ട്ടില്‍ പറയുന്നത്. 1971ല്‍ ഇന്ത്യയിലെ ശിശുമരണ നിരക്ക് രേഖപ്പെടുത്താന്‍ തുടങ്ങിയതുമുതല്‍ ഇതുവരെയുള്ള കണക്കുകളിലാണ് ഈ കുറവ് രേഖപ്പെടുത്തിയത്.
പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ശിശുമരണ നിരക്ക് 25 ആയി കുറഞ്ഞു. 2013ൽ ഈ നിരക്ക് 40 ആയിരുന്നു. അവസാന പത്ത് വർഷത്തിനിടയിൽ ശിശുമരണ നിരക്കിൽ 37.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതോടെയാണ് റെക്കോർഡ് നിലയിലെത്തിയത്.
ഇന്ത്യയിലെ പൊതുജനാരോഗ്യ സൂചികയിലെ സുപ്രധാന ഘടകമാണ് ശിശുമരണനിരക്ക്. ഒരു വയസിന് താഴെയുള്ള 1000 കുട്ടികളില്‍ മരിക്കുന്നവരുടെ എണ്ണം പരിഗണിച്ചാണ് ഈ നിരക്ക് രേഖപ്പെടുത്തുന്നത്.
സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ളത് മണിപ്പൂരിലാണ്. ഒന്നാം സ്ഥാനത്തുള്ള ഇവിടത്തെ നിരക്ക് മൂന്ന് മാത്രമാണ്. 28 ലക്ഷം മാത്രമാണ് മണിപ്പൂരിലെ ജനസംഖ്യ.
എന്നാൽ രാജ്യത്തെ 21 വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. കേരളത്തിലെ നിരക്ക് അഞ്ചാണ്. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയായ 25നേക്കാൾ കുറവാണ്. വലിയ സംസ്ഥാനങ്ങളിൽ ഒറ്റ അക്ക ശിശുമരണനിരക്ക് രേഖപ്പെടുത്തിയ ഏക സംസ്ഥാനവും കേരളം തന്നെയാണ്.
അതേസമയം, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഉത്തര്‍പ്രദേശ് എന്നീ സംസഥാനങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന ശിശുമരണനിരക്കുള്ളത്. ഈ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള നിരക്ക് 37 ആണ്.
രാജ്യത്തെ നഗരപ്രദേശങ്ങളില്‍ ശിശുമരണ നിരക്ക് 27ല്‍ നിന്ന് 18 ആയി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇത് 28 ആണ്. 2013ല്‍ അത് 44 ആയിരുന്നു.
രാജ്യത്ത് ജനനനിരക്കിലും മരണനിരക്കിലും ഉണ്ടായ കുറവും റിപ്പോര്‍ട്ടിലുണ്ട്. 1971ല്‍ 129 ആയിരുന്നു ശിശുമരണനിരക്ക്. 54 വര്‍ഷത്തിനു ശേഷം 80 ശതമാനം കുറവ് രേഖപ്പെടുത്തിയത് രാജ്യത്തെ പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെട്ടതിന്റെ അടയാളമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട എസ്.ആര്‍.എസ് ചൂണ്ടിക്കാട്ടി.
Content Highlight: India’s Infant Mortality Rate hits historic low of 25 percent and Kerala registers low rate among biggest states