തോറ്റുനില്‍ക്കുമ്പോഴും കോച്ചിന്റെ പിന്തുണ; 'അവനെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് കൃത്യമായി അറിയാം, കൂടുതലൊന്നും പറയാനില്ല'
Sports News
തോറ്റുനില്‍ക്കുമ്പോഴും കോച്ചിന്റെ പിന്തുണ; 'അവനെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് കൃത്യമായി അറിയാം, കൂടുതലൊന്നും പറയാനില്ല'
ആദര്‍ശ് എം.കെ.
Saturday, 31st January 2026, 7:30 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മാച്ചിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 3-1ന് മുമ്പിലാണ്. പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കുകയും ചെയ്തു.

സഞ്ജു സാംസണിന്റെ മോശം പ്രകടനമാണ് ആരാധകര്‍ക്ക് ആശങ്കയാകുന്നത്. മിഡില്‍ ഓര്‍ഡറില്‍ നിന്നും തന്റെ നാച്ചുറല്‍ പൊസിഷനിലേക്ക് മടങ്ങിയെത്തിയെങ്കിലും ആ റോളില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. പരമ്പരയിലെ നാല് മത്സരത്തിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു. നാല് ഇന്നിങ്‌സില്‍ നിന്നും 10.00 ശരാശരിയില്‍ നേടിയത് വെറും 40 റണ്‍സ്!

നാലാം ടി-20യില്‍ പുറത്താകുന്ന സഞ്ജു. Photo: Screengrab/YouTube

ഇപ്പോള്‍ സഞ്ജുവിനെ കുറിച്ചും താരത്തിന്റെ ബാറ്റിങ് പൊട്ടെന്‍ഷ്യലിനെ കുറിച്ചും സംസാരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പരിശീലകന്‍ സീതാന്‍ഷു കോട്ടക്. സഞ്ജു കരിയറില്‍ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറഞ്ഞ കോട്ടക്, സഞ്ജുവിനെ കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് തങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും വ്യക്തമാക്കി.

‘സഞ്ജു ഒരു സീനിയര്‍ താരമാണ്. അവന്‍ ഏറെ മികച്ചവനുമാണ്. അവന്‍ മറ്റുള്ളവര്‍ നേടിയതുപോലെ റണ്‍സടിച്ചിട്ടുണ്ടാകില്ല, ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. ചിലപ്പോള്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിങ്‌സുകളില്‍ നിങ്ങള്‍ ഒരുപാട് റണ്‍സ് അടിച്ചെന്നിരിക്കും, എന്നാല്‍ അതിന് ശേഷം ചിലപ്പോള്‍ അതിന് സാധിച്ചെന്ന് വരില്ല,’ കോട്ടക് പറഞ്ഞു.

സീതാന്‍ഷു കോട്ടക്

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് തങ്ങളുടെ പൂര്‍ണ പിന്തുണ സഞ്ജുവിനുണ്ടെന്നും കോട്ടക് വ്യക്തമാക്കി.

‘ ഒരു വ്യക്തിയുടെ മനസ് എപ്രകാരമായിരിക്കണം, എങ്ങനെ ശക്തമായി നിലനിര്‍ത്തണമെന്നത് അയാളുടെ ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും അവനെ ശരിയായ മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നത് ഞങ്ങളുടെ ജോലിയാണ്.

സഞ്ജു സാംസണ്‍.  Photo: BCCI/x.com

അവന്‍ മികച്ച രീതിയില്‍ പരിശീലിക്കുകയും കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. അവന്റെ കഴിവിനെ കുറിച്ചും അവന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ചും നമുക്കെല്ലാവര്‍ക്കുമറിയാവുന്നതാണ്. സഞ്ജുവിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു,’ കോട്ടക് കൂട്ടിച്ചേര്‍ത്തു.

സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ ആദ്യ മത്സരത്തിനാണ് സഞ്ജു ഇറങ്ങുന്നത്. മോശം പ്രകടനത്തിന് പിന്നാലെ തന്നെ ക്രൂശിച്ച വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം, തന്നെ ഇത്രമേല്‍ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരാധകര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് നല്‍കാന്‍ വേണ്ടി കൂടിയായിരിക്കും സഞ്ജു ഗ്രീന്‍ഫീല്‍ഡില്‍ കളത്തിലിറങ്ങുക.

സഞ്ജു സാംസണ്‍.  Photo: BCCI/x.com

ഇന്ത്യയും ശ്രീലങ്കയും സംയുക്തരായി ആതിഥേയത്വം വഹിക്കുന്ന 2026 ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന അന്താരാഷ്ട്ര ടി-20 മത്സരമാണെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഈ കളിയില്‍ സഞ്ജു തിളങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: India’s batting coach Sitanshu Kotak about Sanju Samson

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.