കറാച്ചി: ഇന്ത്യക്കെതിരെ യുദ്ധവെല്ലുവിളിയുമായി പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യക്ക് എതിരായ യുദ്ധ സാധ്യത നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണെന്നും ഭാവിയില്‍ അങ്ങനെയൊരു യുദ്ധം സംഭവിച്ചാന്‍ പാകിസ്ഥാന്‍ വലിയ വിജയം നേടുമെന്നും ഖ്വാജ ആസിഫ് സമാ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെയും ഇന്ത്യന്‍ സൈനിക തലവന്മാരുടെയും അടുത്തകാലത്തെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് പാകിസ്ഥാന്‍ യുദ്ധസജ്ജമാണെന്ന് ഖ്വാജ ആസിഫ് പ്രതികരിച്ചത്.
ഇന്ത്യയുടെ ഭാഗത്ത് നിന്നും സായുധാക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ ജാഗ്രതയോടെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
‘ഭാവിയില്‍ ഇന്ത്യയുമായുണ്ടാകുന്ന ആക്രമണങ്ങള്‍ പാകിസ്ഥാന് അനുകൂലമായിരിക്കും. പാകിസ്ഥാന്‍ യുദ്ധത്തിന് മുന്‍കയ്യെടുക്കില്ല. പക്ഷെ, യുദ്ധസാധ്യത എന്നത് യാഥാര്‍ത്ഥ്യമാണ്. അത് നിഷേധിക്കാനാകില്ല. ദൈവം സഹായിച്ചാല്‍ യുദ്ധത്തില്‍ മുമ്പുണ്ടായതിനേക്കാള്‍ മികച്ച ഫലം നേടാന്‍ പാകിസ്ഥാന് സാധിക്കും’, പാക് പ്രതിരോധമന്ത്രി പറഞ്ഞു.
പാകിസ്ഥാന്റെ കൂടെ ആറ് മാസം മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സഖ്യകക്ഷികളും പിന്തുണക്കുന്ന രാജ്യങ്ങളും ഇപ്പോഴുണ്ടെന്നും പാക് മന്ത്രി അവകാശപ്പെട്ടു. ഒപ്പം ഇന്ത്യക്കുണ്ടായിരുന്ന പിന്തുണയെല്ലാം മേയിലെ സംഘര്‍ഷത്തിന് ശേഷം നഷ്ടമായെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെയും പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യക്കെതിരായ വിമര്‍ശനം.
ഇന്ത്യ ഒരിക്കലും ഒരു ഐക്യമുള്ള രാഷ്ട്രമായിരുന്നില്ലെന്നും പാക് മന്ത്രി വിമര്‍ശിച്ചു. ഇന്ത്യയില്‍ മുഗള്‍ ഭരണകാലത്ത് ഔറംഗസേബിന്റെ ഭരണത്തിന്‍ കീഴില്‍ മാത്രമാണ് ഐക്യമുണ്ടായിരുന്നത്. പക്ഷെ, പാകിസ്ഥാന്‍ ദൈവത്തിന്റെ നാമത്തിലാണ് സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മേയിലെ സംഘര്‍ഷ സമയത്തും പാകിസ്ഥാന്‍ ഒറ്റക്കെട്ടായി നിന്നെന്ന് അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിനകത്ത് പല വിഷയങ്ങളിലും പാക് ജനത സംവദിക്കും, മത്സരിക്കും പക്ഷെ ഇന്ത്യക്കെതിരായി പ്രശ്‌നമുണ്ടാകുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാകും.’, ഖ്വാജ ആസിഫ് വിശദീകരിച്ചു.
രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കാനായി ഇന്ത്യ ഏത് അതിര്‍ത്തിയും മറികടക്കുമെന്നും പൗരന്മാര്‍ക്ക് കാവല്‍ നില്‍ക്കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിരോധമന്ത്രി പ്രതികരിച്ചിരിക്കുന്നത്.
കൂടാതെ, ലോകഭൂപടത്തില്‍ നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ പിന്തുണയോടെയുള്ള തീവ്രവാദം പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയുടെ നാവികസേന മേധാവി എ.പി സിങും പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. യു.എസ് നല്‍കിയ എഫ്-16 ജെറ്റ് ഉള്‍പ്പെടെ പാക് സൈന്യത്തിന്റെ ഒരു ഡസനോളം യുദ്ധവിമാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് ഇന്ത്യ തകര്‍ത്തെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
Content Highlight: India’s attack expected at any time; Pakistan will win a big victory if war breaks out: Pakistan Defense Minister