2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ വെസ് ക്യാപ്റ്റനാക്കിയും പ്രഖ്യാപിച്ചാണ് ഇന്ത്യ ഏഷ്യ കീഴടക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മന്‍ ഗില്ലാണ് സൂര്യയുടെ ഡെപ്യൂട്ടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ ടീമിനൊപ്പം ഇടം പിടിച്ചിട്ടുണ്ട്. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയാണ് ടീമിനൊപ്പമുള്ളത്.
ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിങ്ങനെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാരും റിങ്കു സിങ്, ശിവം ദുബെ തുടങ്ങിയ ഹാര്‍ഡ് ഹിറ്റര്‍മാരും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
സ്പിന്‍ ഓപ്ഷനുകളായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും പേസ് നിരയില്‍ കരുത്താകാനായി ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ഏഷ്യാ കപ്പ് ലക്ഷ്യമിടുന്ന ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്.
യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഏഷ്യാ കപ്പ് കളിക്കാന്‍ സാധിക്കാതെ പോയ താരങ്ങളില്‍ പ്രമുഖര്‍.
ഐ.പി.എല്‍ ടീമുകളുടെ അടിസ്ഥാനത്തില്‍ ഏഷ്യാ കപ്പ് സ്‌ക്വാഡ് പരിശോധിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നുമാണ് ഏറ്റവുമധികം താരങ്ങള്‍ ഇടം പിടിച്ചിരിക്കുന്നത്. നാല് പേര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മൂന്ന് പേരും ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്ന് രണ്ട് താരങ്ങളും ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നുമാണ് ഒരാള്‍ക്ക് പോലും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത്. മറ്റ് ആറ് ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ അംഗങ്ങളാണ്.