ഇന്ത്യയ്ക്കായി കിരീടമുയര്‍ത്തിയ പത്താമത് ക്യാപ്റ്റന്‍; കപില്‍ ദേവില്‍ തുടങ്ങി വിരാടിലൂടെ നിക്കി പ്രസാദിലെത്തി നില്‍ക്കുന്ന കിരീടപാരമ്പര്യം
Sports News
ഇന്ത്യയ്ക്കായി കിരീടമുയര്‍ത്തിയ പത്താമത് ക്യാപ്റ്റന്‍; കപില്‍ ദേവില്‍ തുടങ്ങി വിരാടിലൂടെ നിക്കി പ്രസാദിലെത്തി നില്‍ക്കുന്ന കിരീടപാരമ്പര്യം
ആദര്‍ശ് എം.കെ.
Sunday, 2nd February 2025, 4:32 pm

ഐ.സി.സി അണ്ടര്‍ 19വിമണ്‍സ് ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ മറ്റൊരു ഐ.സി.സി കിരീടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കോലാലംപൂരിലെ ബയൂമാസ് ഓവലില്‍ നടന്ന മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 83 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറില്‍ അനായാസം മറികടക്കുകയായിരുന്നു.

ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും പരാജയമറിയാതെയാണ് നിക്കി പ്രസാദും സംഘവും കിരീടമണിഞ്ഞത്. ലോകകപ്പിന്റെ ആദ്യ എഡിഷനില്‍ കിരീടമണിഞ്ഞ ഇന്ത്യ ഇപ്പോള്‍ കിരീടം നിലനിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്കായി ലോകകിരീടം സ്വന്തമാക്കുന്ന പത്താമത് ക്യാപ്റ്റനാണ് നിക്കി പ്രസാദ്.

1983 ലോകകപ്പില്‍ ഇതിഹാസ താരം കപില്‍ ദേവിലൂടെയാണ് ഇന്ത്യ ആദ്യമായി വിശ്വം വിജയിക്കുന്നത്. വിശ്വവിഖ്യാതമായ ലോര്‍ഡ്‌സില്‍ സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും മാല്‍ക്കം മാര്‍ഷലും ജോയല്‍ ഗാര്‍ണറുമടങ്ങുന്ന കരിബിയന്‍ പടയെ കപിലിന്റെ ചെകുത്താന്‍മാര്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചാണ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

1983 ജൂണ്‍ 25ന് ക്രിക്കറ്റ് ലോകത്ത് ഇന്ത്യയ്‌ക്കൊരു മേല്‍വിലാസമുണ്ടാവുകയായിരുന്നു.

1983 ലോകകപ്പ് കിരീടമേറ്റുവാങ്ങുന്ന കപില്‍ ദേവ്‌

ശേഷം 2007ല്‍ എം.എസ്. ധോണിയിലൂടെ ഇന്ത്യ ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നതിന് മുമ്പ് മറ്റൊരു ഐ.സി.സി കിരീടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2000ല്‍.

അണ്ടര്‍ 19ലോകകപ്പിലായിരുന്നു ഇന്ത്യയുടെ കിരീടം നേട്ടം. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍ യുവരാജ് സിങ്ങും വേണുഗോപാല്‍ റാവുവുമടങ്ങുന്ന കൗമാര നിര ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തി കപ്പുയര്‍ത്തി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ഇന്ത്യയുടെ ആദ്യ അണ്ടര്‍ 19 കിരീടം

ശേഷം മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ വീണ്ടും കിരീടമണിഞ്ഞു. ഐ.സി.സി ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ധോണി നയിച്ച ഇന്ത്യയുടെ കിരീട നേട്ടം.

ടി-20 ലോകകപ്പിന്റെ ഉദ്ഘാടന ചാമ്പ്യന്‍മാര്‍

തൊട്ടടുത്ത വര്‍ഷം, 2008ല്‍, വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഐ.സി.സി അണ്ടര്‍ 19ലോകകപ്പ് കിരീടം രണ്ടാം തവണയും ഇന്ത്യയുടെ മണ്ണിലെത്തി. വിരാട് കോഹ്‌ലിക്ക് പുറമെ രവീന്ദ്ര ജഡേജയും സൗരഭ് തിവാരിയും കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ നിരയിലെ പ്രധാന താരങ്ങളായിരുന്നു. കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെയാണ് കോഹ്‌ലിപ്പട പരാജയപ്പെടുത്തിയത്.

അണ്ടര്‍ 19 കിരീടവുമായി വിരാട്

എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്.

ഇതിനിടെ 2012ല്‍ മറ്റൊരു അണ്ടര്‍ 19 കിരീടവും ഇന്ത്യ സ്വന്തമാക്കി. ഉന്‍മുക്ത് ചന്ദായിരുന്നു അന്ന് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. ഭാവിയില്‍ ഇന്ത്യന്‍ മര്‍ദകനായി പേരെടുത്ത ട്രാവിസ് ഹെഡ് അടക്കം നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന കുട്ടിക്കങ്കാരുക്കളെയാണ് ഇന്ത്യ തോല്‍പിച്ചുവിട്ടത്.

ഹനുമ വിഹാരി, ബാബ അപരാജിത്, സന്ദീപ് ശര്‍മ തുടങ്ങിയ നിരവധി താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ അണിനിരന്നിരുന്നു.

ശേഷം 2018ലും 2022ലും ഇന്ത്യ വീണ്ടും അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കി. യഥാക്രമം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.

പൃഥ്വി ഷായുടെ നേതൃത്വത്തിലാണ് ഇന്ത്യ 2018ല്‍ കിരീടത്തില്‍ മുത്തമിട്ടത്. ശുഭ്മന്‍ ഗില്‍, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, ശിവം മാവി, ഇഷാന്‍ പോരല്‍ തുടങ്ങി മികച്ച താരനിരയ്‌ക്കൊപ്പമാണ് പൃഥ്വി ഷാ ഇന്ത്യയ്ക്ക് തങ്ങളുടെ നാലാം അണ്ടര്‍ 19 കിരീടം സമ്മാനിച്ചത്.

പൃഥ്വി ഷാ

യാഷ് ധുള്‍ ആയിരുന്നു 2022 അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ നായകന്‍. നോര്‍ത്ത് സൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് യാഷ് ധുള്‍ ഇന്ത്യയെ ഒരിക്കല്‍ക്കൂടി ലോക ചാമ്പ്യന്‍മാരാക്കിയത്.

യാഷ് ധുള്‍

2023ലാണ് ആദ്യമായി വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഒരു കിരീടം ലഭിക്കുന്നത്. സീനിയര്‍ തലത്തില്‍ നിരവധി ഫൈനലുകള്‍ പരാജയപ്പെട്ട ഇന്ത്യ ഷെഫാലി വര്‍മയിലൂടെ ഐ.സി.സി അണ്ടര്‍ 19 വിമണ്‍സ് ലോകകപ്പ് സ്വന്തമാക്കി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചാമ്പ്യന്‍മാര്‍ എന്ന ഖ്യാതിയോടെയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

ഷെഫാലി വര്‍മ

2024ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഐ.സി.സി ടി-20 ലോകകപ്പില്‍ രണ്ടാമതും മുത്തമിട്ടു. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകിരീടം ശിരസില്‍ ചൂടിയത്. ഒറ്റ മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഇതിനൊപ്പം വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനും ശേഷം ഒന്നിലധികം തവണ ഐ.സി.സി ടി-20 കിരീടം നേടുന്ന ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ടി-20 ലോകകപ്പുമായി രോഹിത് ശര്‍മ

2025ല്‍ മറ്റൊരു ടി-20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടി. ഐ.സി.സി അണ്ടര്‍ 19 വിമണ്‍സ് ലോകകപ്പിന്റെ രണ്ടാം എഡിഷനിലാണ് പ്രോട്ടിയാസിന്റെ കിരീടമോങ്ങളെ തച്ചുടച്ച് ഇന്ത്യ തങ്ങളുടെ കിരീടം നിലനിര്‍ത്തിയത്. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് നിക്കി പ്രസാദിന്റെ നേതൃത്വത്തിലിറങ്ങിയ കൗമാര നിര ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്.

സമീപ ഭാവിയില്‍ നാല് ഐ.സി.സി ടൂര്‍ണമെന്റുകള്‍ ഇന്ത്യയ്ക്ക് മുമ്പിലുണ്ട്. 2025 ചാമ്പ്യന്‍സ് ട്രോഫി, 2026 ടി-20 ലോകകപ്പ്, 2027 ഏകദിന ലോകകപ്പ്, 2027 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നീ ടൂര്‍ണമെന്റുകളിലാണ് ഇന്ത്യ കളിക്കുക. കൂടുതല്‍ ഐ.സി.സി കിരീടങ്ങള്‍ ഇന്ത്യയുടെ ഷെല്‍ഫിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: India’s all ICC title victories

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.