സെമി സ്പോട്ടിനൊപ്പം റെക്കോഡും; കൊൽക്കത്തയിൽ പിറന്നത് ചരിത്രം!
Cricket
സെമി സ്പോട്ടിനൊപ്പം റെക്കോഡും; കൊൽക്കത്തയിൽ പിറന്നത് ചരിത്രം!
ഫസീഹ പി.സി.
Monday, 2nd March 2026, 3:11 pm

2026 ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീമിന്റെ വിജയം.

വിൻഡീസ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ നാല് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ടീമിന് വിജയവും സെമി ബെർത്തും സമ്മാനിച്ചത്.

ഇന്ത്യൻ ടീം. Photo: BCCi/x.com

വിൻഡീസിനെ തോൽപ്പിച്ചതിനൊപ്പം ഒരു റെക്കോഡ് കൂടി ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന വിജയകരമായ റൺ ചെയ്‌സ് എന്ന ചരിത്രമാണ് ടീം സൃഷ്ടിച്ചത്. 2014ലെ സൗത്ത് ആഫ്രിക്കക്ക് എതിരെ നേടിയ വിജയമായിരുന്നു ഇതുവരെ ഒന്നാമത്. അന്ന് 173 റൺസാണ് ടീം പിന്തുടർന്നത്.

ഈ വിജയത്തെ പിന്തള്ളിയാണ് വിൻഡീസിന് എതിരെയുള്ള ചെയ്‌സിങ് ഒന്നാമതായത്. ഒരു ടി – 20 ലോകകപ്പിൽ ഇത് ആദ്യമായാണ് ഇന്ത്യ 180+ റൺസ് പിന്തുടർന്ന് ജയിക്കുന്നത്.

ടി – 20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺസ് ചെയ്‌സ്

(ടാർഗറ്റ് – എതിരാളി – വർഷം എന്നീ ക്രമത്തിൽ)

196 – വെസ്റ്റ് ഇൻഡീസ് – 2026

173 – സൗത്ത് ആഫ്രിക്ക – 2014

161 – ഓസ്ട്രേലിയ – 2016

160 – പാകിസ്ഥാൻ – 2022

139 – ബംഗ്ലാദേശ് – 2014

ഇന്ത്യക്കായി സഞ്ജു 50 പന്തില്‍ നാല് സിക്‌സും 12 ഫോറുമടക്കം പുറത്താകാതെ 97 റൺസെടുത്തു. ഒപ്പം തിലക് വർമ 15 പന്തില്‍ 27 റണ്‍സും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 18 റണ്‍സും നേടി.

Photo: BCCi/x.com

വെസ്റ്റ് ഇന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡറും ഷമര്‍ ജോസഫും രണ്ട് വിക്കറ്റ് വീതമെടുത്തു. അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

വിന്‍ഡീസിന് വേണ്ടി തിളങ്ങിയത് 25 പന്തിൽ 40 റൺസ് നേടിയ റോസ്റ്റണ്‍ ചെയ്‌സാണ്. 22 പന്തിൽ 37 റൺസുമായി ജേസൺ ഹോൾഡറും 19 പന്തില്‍ 34* റണ്‍സ് റോവ്മാന്‍ പവലും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്കായി ബുംറ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകളും നേടി.

Content Highlight: India registered their highest successful run chase in T20 World Cup with win against West Indies

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി