കംപ്ലീറ്റ് ഡോമിനേഷന്‍; നമീബിയയെ തകര്‍ത്ത് ഇന്ത്യ
T20 World Cup 2026
കംപ്ലീറ്റ് ഡോമിനേഷന്‍; നമീബിയയെ തകര്‍ത്ത് ഇന്ത്യ
ഫസീഹ പി.സി.
Thursday, 12th February 2026, 10:54 pm

2026 ടി – 20 ലോകകപ്പില്‍ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ടീം തകര്‍ത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിലാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 116 റണ്‍സിന് പുറത്താവുകയായിരുന്നു. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു സൂര്യയുടെയും സംഘത്തിന്റെയും വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ തകര്‍പ്പന്‍ അടി പുറത്തെടുത്ത് സഞ്ജു പുറത്തായി. എട്ട് പന്തില്‍ 22 റണ്‍സായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെ കിഷന്‍ തന്റെ ബാറ്റില്‍ നിന്ന് കൊടുങ്കാറ്റഴിച്ച് വിട്ടു. മറുവശത്ത് തിലക് വര്‍മ താരത്തിന് പിന്തുണനല്‍കി. ഇരുവരും 79 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 24 പന്തില്‍ 61 റണ്‍സെടുത്ത് കിഷന്‍ മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്.

ഇഷാൻ കിഷൻ. Photo: BCCI/x.com

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പെട്ടെന്ന് മടങ്ങി. പിന്നാലെ 21 പന്തില്‍ 25 റണ്‍സുമായി തിലകും കൂടാരം കയറി. അതോടെ ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഒന്നിച്ചു. ഇരുവരും 81 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.

ഇന്ത്യന്‍ സ്‌കോര്‍ 205ല്‍ നില്‍ക്കെ 28 പന്തില്‍ 52 റണ്‍സെടുത്ത ഹര്‍ദിക് തിരികെ നടന്നു. അതേ സ്‌കോറില്‍ തന്നെ 16 പന്തില്‍ 23 റണ്‍സുമായി ദുബെയും മടങ്ങി. ഈ സ്‌കോറിലേക്ക് നാല് റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. അതോടെ ഇന്ത്യ ഒമ്പത് വിക്കറ്റിന് 209 എന്ന നിലയില്‍ തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

നമീബിയക്കായി ജെറാഡ് ഇറാസ്മസ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ബെര്‍ണാര്‍ഡ് ഷോള്‍ട്ട്, ജെ.ജെ. സ്മിറ്റ്, ബെന്‍ ഷികോംങ്ങോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

മറുപടി ബാറ്റിങ്ങില്‍ നമീബിയയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നു. നാലാം ഓവറില്‍ ടീമിന് 15 പന്തില്‍ 22 റണ്‍സെടുത്ത ജാന്‍ ഫ്രൈലിങ്കിനെ നഷ്ടമായി. വണ്‍ ഡൗണായി ഇറങ്ങിയ നിക്കോള്‍ ലോഫ്റ്റി-ഈറ്റണും (13 പന്തില്‍ 13) വളരെ പെട്ടെന്ന് മടങ്ങി.

എന്നാല്‍ അപ്പോഴെല്ലാം പിടിച്ച് നിന്ന ലോറന്‍ സ്റ്റീന്‍കാമ്പ് പത്താം ഓവറില്‍ തിരികെ നടന്നു. 20 പന്തില്‍ 29 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായാണ് താരം മടങ്ങിയത്. പിന്നീട് നമീബിയയുടെ തകര്‍ച്ചക്കാണ് ദല്‍ഹി സാക്ഷിയായത്.

ഇതിനിടയില്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് 11 പന്തില്‍ 18 റണ്‍സും സെയ്ന്‍ ഗ്രീന്‍ 19 പന്തില്‍ 11 റണ്‍സുമെടുത്ത് പോരാടിയെങ്കിലും ടീമിന് തുണയായില്ല. ദുബെ എറിഞ്ഞ 19ാം ഓവറില്‍ രണ്ടാം പന്തില്‍ ഗ്രീന്‍ ഹിറ്റ് വിക്കറ്റായി പുറത്തായതോടെ നമീബിയയ്ക്ക് ഇന്ത്യയോട് തോല്‍വി വഴങ്ങേണ്ടി വന്നു.

ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകളും ഹര്‍ദിക്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. ജസ്പ്രീത് ബുംറ, ദുബെ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകളും വീഴ്ത്തി.

 

Content Highlight: India registered second win in T20 World Cup 2026 by defeating Namibia

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി