ലഖ്‌നൗ: ഇന്ത്യയുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വിശ്വാസമില്ലാത്തവര്‍ക്ക് രാജ്യം ഒരു ‘ധര്‍മശാല’ (അഭയകേന്ദ്രം) അല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കടുത്ത പരാമര്‍ശം നടത്തിയത്.
രാജ്യവിരുദ്ധ ശക്തികള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി പ്രസംഗത്തിലൂടെ നല്‍കിയത്.
ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയും പൈതൃകത്തെയും മൂല്യങ്ങളെയും ആദരിക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ അന്തസ്സോടെ ജീവിക്കാന്‍ കഴിയൂ എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിനെയും പാരമ്പര്യത്തെയും അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ‘ലവ് ജിഹാദ്’, ‘ലാന്‍ഡ് ജിഹാദ്’ എന്നിവയ്‌ക്കെതിരെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തെ മതപരമായ ജനസംഖ്യാ അനുപാതം അട്ടിമറിക്കാനും മാറ്റാനുമുള്ള ബോധപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണ് ലവ് ജിഹാദെന്ന് അദ്ദേഹം ആരോപിച്ചു.
ഒഴിഞ്ഞുകിടക്കുന്ന ഭൂമികള്‍ നിയമവിരുദ്ധമായി കൈയേറുന്ന ‘ലാന്‍ഡ് ജിഹാദിനെ’ രാമായണ കാലഘട്ടവുമായി ഉപമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇത്തരം ഭൂമി കൈയേറ്റങ്ങളെ മരീചന്‍, ഖര-ദൂഷണന്‍ എന്നീ അസുരന്മാരുടെ പ്രവൃത്തികളോടാണ് അദ്ദേഹം താരതമ്യം ചെയ്തത്.
രാവണന്റെ ഭരണകാലത്ത് ഉണ്ടായതുപോലെയുള്ള നാശങ്ങളാണ് ഇത്തരം നിഷേധാത്മക ശക്തികള്‍ അധികാരം നേടുമ്പോള്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘എല്ലാ കാലഘട്ടങ്ങളിലും നിഷേധാത്മക ശക്തികള്‍ ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ സത്യത്തെയും ധര്‍മത്തെയും സംരക്ഷിക്കാന്‍ നാം എപ്പോഴും ഒന്നിച്ചുനില്‍ക്കണം.’
ഇത്തരം വെല്ലുവിളികളെ നേരിടാന്‍ ശ്രീരാമന്റെ ജീവിതത്തില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ മുന്നോട്ട് വരണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
Content Highlight: ‘India not dharmshala for anti-nationals’: UP CM Yogi Adityanath