ഇന്ത്യ ഒരു ധർമശാലയല്ല, ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ല: സുപ്രീം കോടതി
national news
ഇന്ത്യ ഒരു ധർമശാലയല്ല, ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th May 2025, 6:04 pm

ന്യൂദൽഹി: ഇന്ത്യ ഒരു ധർമശാലയല്ലെന്നും ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. ഇന്ത്യയിൽ ഏഴ് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തൽ നേരിടുന്ന ശ്രീലങ്കൻ വംശജനായ വ്യക്തിയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ ദീപങ്കർ ദത്തയുടെയും കെ. വിനോദ് ചന്ദ്രന്റേയുമാണ് നിരീക്ഷണം. ‘ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കേണ്ടത് ഇന്ത്യയാണോ? 140 കോടിയുമായി ഞങ്ങൾ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാൻ കഴിയുന്ന ഒരു ധർമശാലയല്ല ഇത്,’ ബെഞ്ചിന്റെ അധ്യക്ഷനായ ജഡ്ജി ജസ്റ്റിസ് ദീപങ്കർ ദത്ത നിരീക്ഷിച്ചു.

യു.എ.പി.എ കേസിൽ ഏഴ് വർഷത്തെ തടവ് കഴിഞ്ഞതിന് ശേഷം രാജ്യം വിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഹരജിക്കാരൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

വിസയിലാണ് അദ്ദേഹം ഇവിടെ എത്തിയതെന്നും, സ്വന്തം നാട്ടിൽ ജീവന് ഭീഷണിയുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ ബെഞ്ചിനോട് പറഞ്ഞു. നാടുകടത്തൽ നടപടിക്രമങ്ങളൊന്നുമില്ലാതെ മൂന്ന് വർഷത്തോളമായി ഹരജിക്കാരൻ തടങ്കലിൽ കഴിയുകയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇവിടെ സ്ഥിരതാമസമാക്കാൻ ഹരജിക്കാരന് എന്ത് അവകാശമാണുള്ളതെന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു. അതേസമയം ഹരജിക്കാരൻ ഒരു അഭയാർത്ഥിയാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ ആർട്ടിക്കിൾ 19 പ്രകാരം ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള മൗലികാവകാശം പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ എന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു.

2009ൽ ശ്രീലങ്കൻ യുദ്ധത്തിൽ എൽ.ടി.ടി.ഇയുടെ മുൻ അംഗമായിരുന്നതിനാൽ, ശ്രീലങ്കയിൽ ബ്ലാക്ക് ഗസറ്റഡ് പദവിയിലാണ് താനെന്നും അതിനാൽ തന്നെ അവിടേക്ക് തിരിച്ചയച്ചാൽ അറസ്റ്റും പീഡനവും നേരിടേണ്ടിവരുമെന്നും ഹരജിക്കാരൻ പറഞ്ഞു. ഭാര്യ നിരവധി രോഗങ്ങളാൽ വലയുന്നുണ്ടെന്നും മകന് ജന്മനാ ഹൃദ്രോഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവന് ഭീഷണിയുണ്ടെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാൻ കോടതി ഹരജിക്കാരനോട് നിർദേശിച്ചു.

2015ൽ എൽ.ടി.ടി.ഇ പ്രവർത്തകരാണെന്ന് സംശയിച്ച് ക്യു ബ്രാഞ്ച് ഹരജിക്കാരനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. 2018ൽ യു.എ.പി.എയുടെ സെക്ഷൻ 10 പ്രകാരമുള്ള കുറ്റത്തിന് വിചാരണ കോടതി ഹരജിക്കാരനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം തടവിന് ശിക്ഷിച്ചു.

2022ൽ, മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷ ഏഴ് വർഷമായി കുറച്ചു. എന്നാൽ ശിക്ഷയ്ക്ക് ശേഷം ഉടൻ തന്നെ അദ്ദേഹം ഇന്ത്യ വിടണമെന്നും ഇന്ത്യ വിടുന്നതുവരെ ഒരു അഭയാർത്ഥി ക്യാമ്പിൽ തുടരണമെന്നും കോടതി നിർദേശിച്ചിരുന്നു.

Content Highlight: India not a dharamshala, can’t host refugees from all over the world: Supreme Court