2026 ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും.
കരുത്തരുടെ പോരാട്ടത്തിനാണ് ഫൈനല്‍ സാക്ഷ്യം വഹിക്കുന്നത്. ന്യൂസിലാന്‍ഡ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍, കിരീടം നിലനിര്‍ത്താനുറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ഫൈനലിനിറങ്ങുമ്പോള്‍ ലോകകപ്പിന്റെ ഭൂതകാലം ഇന്ത്യയെ വേട്ടയാടുമോ എന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ഒരിക്കല്‍പ്പോലും ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. മൂന്ന് തവണ ലോകകപ്പ് വേദിയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നിലും കിവികളാണ് വിജയം രുചിച്ചത്.
2007ല്‍, ലോകകപ്പിന്റെ ഉദ്ഘാടന സീസണിലായിരുന്നു ഇന്ത്യയുടെ ആദ്യ തോല്‍വി. ജോഹനാസ്‌ബെര്‍ഗില്‍ നടന്ന മത്സരത്തില്‍ ഡാനിയല്‍ വെറ്റോറിയുടെ കരുത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്.
പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായി ഡാനിയല്‍ വെറ്റോറി. Photo: Destroy The Stumps/Instagram
2016ല്‍ 47 റണ്‍സിന്റെ തകര്‍പ്പന്‍ഡ വിജയം നേടിയ കിവികള്‍ 2021ല്‍ എട്ട് വിക്കറ്റിനും വിജയിച്ചു.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഹോം ടീമുകള്‍ക്ക് കിരീടം നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ഇതുവരെ നടന്ന ഒമ്പത് ലോകകപ്പില്‍ ഒമ്പതിലും ഹോം അഡ്വാന്റേജിന്റെ ബലം ഒരു ടീമിനുമുണ്ടായിരുന്നില്ല. 2012ലെ ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശമാണ് ഇതുവരെയുള്ള ചരിത്രത്തില്‍ ആതിഥേയ രാജ്യത്തിന്റെ മികച്ച പ്രകടനം. അന്ന് ലങ്ക വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ടു.
ഇപ്പോള്‍ മറ്റൊരു ഫൈനലിന് മറ്റൊരു ഹോസ്റ്റ് നേഷന്‍ കളത്തിലിറങ്ങുകയാണ്.
ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമിനും ഇതുവരെ കിരീടം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത. ഒമ്പത് ലോകകപ്പുകളിലായി ആറ് വിവിധ ടീമുകള്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും ഒരു ടീമിനും തുടര്‍ച്ചയായ വര്‍ഷം കിരീടനേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.
2024 ടി-20 ലോകകപ്പുമായി ഇന്ത്യ
മൂന്ന് ടീമുകളാണ് ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ കീരീടം നേടിയത്. ആദ്യം ഇരട്ടക്കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് 2012ലും 2016ലുമാണ് കപ്പുയര്‍ത്തിയത്. ഇംഗ്ലണ്ട് 2010ലും 2022ലും ചാമ്പ്യന്‍മാരായപ്പോള്‍ 2007ലും 2024ലുമായിരുന്നു ഇന്ത്യയുടെ നേട്ടം.
അതേസമയം, ഒറ്റ വിജയമകലെ ഈ മൂന്ന് ചരിത്രങ്ങളെയും തിരുത്തിയെഴുതാനും ഇന്ത്യയ്ക്ക് മുമ്പില്‍ അവസരമുണ്ട്. അത് മാത്രമല്ല, ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി മൂന്ന് കിരീടം നേടുന്ന ടീമെന്ന നേട്ടവും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടും.
Content Highlight: India never defeated New Zealand in T20 World Cup