ഇന്ത്യക്ക് എന്നത്തേക്കാളും ധീരമായ, ന്യായമായ മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ആവശ്യമാണ്; കാരവന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ തടഞ്ഞുവെച്ച നീക്കത്തിനെതിരെ വിനോദ് കെ.ജോസ്
national news
ഇന്ത്യക്ക് എന്നത്തേക്കാളും ധീരമായ, ന്യായമായ മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ആവശ്യമാണ്; കാരവന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ തടഞ്ഞുവെച്ച നീക്കത്തിനെതിരെ വിനോദ് കെ.ജോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st February 2021, 3:45 pm

ന്യൂദല്‍ഹി: ദ കാരവന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് തടഞ്ഞുവെച്ച ട്വിറ്ററിന്റെ നീക്കത്തില്‍ പ്രതികരണവുമായി കാരവന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ്.
മുന്‍പെങ്ങും ഉള്ളതിനെക്കാളേറെ ധീരവും ന്യായവുമായ മധ്യമപ്രവര്‍ത്തനം ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

” ഞങ്ങളെ അറിയിക്കാതെ കാരവന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വിറ്റര്‍ തടഞ്ഞുവെങ്കിലും, നിങ്ങള്‍ക്ക് ഇപ്പോഴും വെബ്സൈറ്റില്‍ നിന്ന് മാഗസിന്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. സബ്സ്‌ക്രിപ്ഷനുകള്‍ ഇല്ലാത്തവര്‍ക്ക്, നിങ്ങള്‍ക്ക് ഇവിടെ എടുക്കാം: https://caravanmagazine.in/subscribe
ഇന്ത്യക്ക് എന്നത്തേക്കാളും ധീരമായ ന്യായമായ മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ആവശ്യമാണ്,”
വിനോദ് കെ. ജോസ് പറഞ്ഞു.

ദ കാരവന്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ താല്‍ക്കാലികമായാണ് ട്വിറ്റര്‍ തടഞ്ഞുവെച്ചത്.
നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അക്കൗണ്ട് താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് അക്കൗണ്ട് തുറക്കുമ്പോള്‍ കാണുന്നത്.

അക്കൗണ്ട് തടഞ്ഞുവെച്ച കാര്യം അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം കാരവന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് ആണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകര്‍ രജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ്, മൃണാള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ നോയിഡ പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരുന്നു.
എന്നാല്‍ വാര്‍ത്തയില്‍ നിന്ന് പിറകോട്ടില്ലെന്നാണ് വിനോദ് കെ ജോസ് വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content highlights: India needs bold fair journalism more than ever, now, says Vinod K Jose,Caravan