ദുബെയ്ക്കും രക്ഷിക്കാനായില്ല; കിവീസിനോട് പൊരുതിത്തോറ്റ് ഇന്ത്യ!
Cricket
ദുബെയ്ക്കും രക്ഷിക്കാനായില്ല; കിവീസിനോട് പൊരുതിത്തോറ്റ് ഇന്ത്യ!
ശ്രീരാഗ് പാറക്കല്‍
Wednesday, 28th January 2026, 10:53 pm

ഇന്ത്യയ്‌ക്കെതിരായ നാലാം ടി-20 മത്സരത്തില്‍ കിടിലന്‍ വിജയവുമായി ന്യൂസിലാന്‍ഡ്. വിശാഖപ്പട്ടണത്ത് നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് കിവീസിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

സൂപ്പര്‍ താരം ശിവം ദുബെയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. വെറും 23 പന്തില്‍ നിന്ന് ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 65 റണ്‍സ് നേടി റണ്‍ഔട്ടില്‍ കുരുങ്ങുകയായിരുന്നു ദുബെ. 15 പന്തില്‍ നിന്നായിരുന്നു താരം അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഒരു പക്ഷെ ദുബെ ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ വിജയത്തിലെത്തിയേനെ.

ദുബെയ്ക്ക് പുറമെ നാലാമനായി ഇറങ്ങിയ റിങ്കു സിങ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

24 റണ്‍സിനാണ് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായത്. ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അതേസമയം ഓപ്പണര്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എട്ട് റണ്‍സിനും മടങ്ങി. ഹര്‍ദിക് രണ്ട് റണ്‍സിനും കൂടാരം കയറി.

കിവീസിനായി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ്. ഇഷ് സോധി, ജേക്കബ് ഡഫി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് ഹെന്റി, സാക്കറി ഫോള്‍ക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓപ്പണര്‍മാരായ ടിം സീഫേര്‍ട്ടിന്റെ ഫിയര്‍ലസ് ബാറ്റിങ്ങും ഡെവോണ്‍ കോണ്‍വേയുടെയും മിന്നും പ്രകടനമാണ് കിവീസിന്റെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 23 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് കോണ്‍വേ മടങ്ങിയത്. 36 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സിനാണ് ടിം സീഫേര്‍ട്ട് പുറത്തായത്. ഇരുവര്‍ക്കും പുറമെ 18 പന്തില്‍ 39* റണ്‍സ് നേടി ഡാരില്‍ മിച്ചല്‍ മിന്നും പ്രകടനം നടത്തി.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിങ്ങുമാണ്. രവി ബിഷ്‌ണോയിയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതമാണ് നേടിയത്.

Content Highlight: India Lost Fourth T20 Against New Zealand

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ