കിവികള്‍ മുതല്‍ പ്രോട്ടിയാസ് വരെ; ഗംഭീര്‍ യുഗത്തില്‍ തകര്‍ന്നടിയുന്ന ഇന്ത്യന്‍ ഡോമിനേഷന്‍
Sports News
കിവികള്‍ മുതല്‍ പ്രോട്ടിയാസ് വരെ; ഗംഭീര്‍ യുഗത്തില്‍ തകര്‍ന്നടിയുന്ന ഇന്ത്യന്‍ ഡോമിനേഷന്‍
ഫസീഹ പി.സി.
Tuesday, 18th November 2025, 2:56 pm
ഇന്ത്യയെ തോല്‍പ്പിച്ചതോടെ 15 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ജയിക്കാനാണ് ബാവുമക്കും സംഘത്തിനും സാധിച്ചത്. ഈ ജയം സൗത്ത് ആഫ്രിക്കക്ക് വലിയ സന്തോഷമാണ് സമ്മാനിച്ചതെങ്കില്‍ ഇന്ത്യക്കത് തങ്ങളുടെ നഷ്ടത്തിലേക്ക് ഒരു കൂട്ടിച്ചേര്‍ക്കലാണ്. ഗംഭീര്‍ യുഗത്തില്‍ ടെസ്റ്റില്‍ കൈവിടുന്ന മത്സരങ്ങളുടെ ലിസ്റ്റിലേക്ക് ഒരു പുതിയ ഇടം കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സംഘം പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന്റെ തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ പ്രോട്ടിയാസ് തങ്ങളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയെ തോല്‍പ്പിച്ചതോടെ 15 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ജയിക്കാനാണ് ബാവുമക്കും സംഘത്തിനും സാധിച്ചത്. ഈ ജയം സൗത്ത് ആഫ്രിക്കക്ക് വലിയ സന്തോഷമാണ് സമ്മാനിച്ചതെങ്കില്‍ ഇന്ത്യക്കത് തങ്ങളുടെ നഷ്ടത്തിലേക്ക് ഒരു കൂട്ടിച്ചേര്‍ക്കലാണ്. ഗംഭീര്‍ യുഗത്തില്‍ ടെസ്റ്റില്‍ കൈവിടുന്ന മത്സരങ്ങളുടെ ലിസ്റ്റിലേക്ക് ഒരു പുതിയ ഇടം കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

2024ലാണ് ഗൗതം ഗംഭീര്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. മുന്‍ താരം ടീമിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നല്ല കാലമല്ല. വര്‍ഷങ്ങളായി ഇന്ത്യ ആധിപത്യം സ്ഥാപിച്ചിരുന്ന പല വേദികളിലും ഇന്ത്യയ്ക്ക് തോല്‍വി രുചിക്കേണ്ടി വന്നു. ഇതില്‍ ആദ്യം ന്യൂസിലാന്‍ഡിനെതിരെയുള്ള പരാജയമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കിവികളെ നേരിട്ടപ്പോള്‍ സന്ദര്‍ശകര്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്യുകയായിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തോറ്റതോടെ ഒരു 13 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ ഒരു പരമ്പര തോല്‍വി നേരിട്ടു. ഒപ്പം ആദ്യമായി സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരെ ഒരു പരമ്പരയും നഷ്ടമായി.

കൂടാതെ, ഈ പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിയോടെ ബ്ലാക്ക് ക്യാപ്‌സിന്റെ മേലുള്ള 36 വര്‍ഷങ്ങളുടെ ആധിപത്യവും ഇന്ത്യ അടിയറവ് പറഞ്ഞു. 1988ന് മുംബൈയില്‍ തോറ്റതിന് ശേഷം കിവികളോട് ഒരു ടെസ്റ്റ് മത്സരം കൈവിട്ടത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിന്നസ്വാമിയിലാണ്. അതോടെ മറ്റൊരു സ്ട്രീക്കിനും അന്ത്യമായി. 19 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ഇവിടെ പരാജയപ്പെട്ടത്.

ഈ പരമ്പരയില്‍ മറ്റൊരു ഉരുക്കുകോട്ടയിലും ഇന്ത്യ തകര്‍ന്നടിഞ്ഞു. മറ്റെവിടെയുമല്ല, മുംബൈയിലെ വാംഖഡെയിലായിരുന്നു ഇത്. ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന മത്സരത്തില്‍ തോറ്റതോടെ 12 വര്‍ഷത്തിന് ശേഷം ഈ വേദിയില്‍ ടെസ്റ്റില്‍ ഒരു തോല്‍വിയും ഇന്ത്യന്‍ സംഘം എഴുതിച്ചേര്‍ത്തു.

പിന്നീട്, ഗംഭീര്‍ യുഗത്തില്‍ ഇന്ത്യ കൈവിട്ട കോട്ട ഓസ്ട്രേലിയയിലെ മെല്‍ബണായിരുന്നു. 2024 ഡിസംബറില്‍ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തിലായിരുന്നു ഈ തകര്‍ച്ച. ആ മത്സരത്തില്‍ ഇന്ത്യയെ 184 റണ്‍സിന് തോല്‍പ്പിച്ച് 13 വര്‍ഷങ്ങളായി ഈ സ്റ്റേഡിയത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്ന ഇന്ത്യയുടെ ആധിപത്യത്തിനുമാണ് കങ്കാരുക്കള്‍ വിരാമമിട്ടത്.

ഈ കോട്ടകള്‍ കൈവിട്ടതിന് പുറമെ, ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ അടിയറവ് പറഞ്ഞു. 10 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ സംഘം ഓസ്ട്രേലിയയോട് ഈ ടെസ്റ്റ് പരമ്പര കൈവിട്ടത്.

ഇപ്പോള്‍, പ്രോട്ടിയാസിനോട് തോറ്റതോടെ സ്വന്തം മണ്ണില്‍ 15 വര്‍ഷത്തിന്റെ വിജയ സ്ട്രീക്കും അവസാനിച്ചിരിക്കുന്നു. ഇനി ഇന്ത്യ കൈവിടാത്തത് സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ തോറ്റിട്ടില്ല എന്നതാണ്. ഈ റെക്കോഡും ഇപ്പോള്‍ ഭീഷണിയിലാണ്.

 

Content Highlight: India lost dominations in various stadium under Gautham Gambhir

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി