[]ന്യൂദല്‍ഹി: പാക്കിസ്താന്‍ ക്രിക്കറ്റ് ടീമായ ഫൈസലാബാദ് വോള്‍വിസിന് ഇന്ത്യ വിസ അനുവദിച്ചു. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ചാംപ്യന്‍സ് ട്രോഫി 20/20 ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായെത്താനാണ് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്.
ടീമിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ വിസ നിഷേധിച്ചതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പാക്ക് ടീമിന് വിസ അനുവദിച്ച് കഴിഞ്ഞെന്നും ഇന്ത്യന്‍ എംബസിയില്‍ നിന്ന് പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കാമെന്നും സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.
ഇതോടെ ചാംപ്യന്‍സ് ട്രോഫിയില്‍ പാക്ക് ടീമിന്റെ പ്രാധിനിത്യം ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. പാക്കിസ്താന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖാണ് ഫൈസലാബാദ് ടീമിന്റെ ക്യാപ്റ്റന്‍.
ഈ വര്‍ഷം പാക്കിസ്താന്‍ അഭ്യന്തര ലീഗില്‍ ചാംപ്യന്‍മാരായാണ് ഫൈസലാബാദ് ടീം ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ചാംപ്യന്‍സ് ലീഗ് 20/20 ടൂര്‍ണ്ണമെന്റിന്റെ യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കാന്‍ പാക്ക് ടീമിനെ ബി.സി.സി.ഐ ക്ഷണിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം പാക്കിസ്താന്‍ അഭ്യന്തര ലീഗിലെ ചാംപ്യന്‍മാരായ സിയാല്‍ക്കോട്ട് സ്റ്റാലന്‍സ് ബി.സി.സി.ഐ ക്ഷണപ്രകാരം ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു.എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റിന്റെ യോഗ്യതാ റൗണ്ട് കടക്കാന്‍ ടീമിനായില്ല.
മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകളാണ് ഇന്ത്യയില്‍ നിന്നും ചാമ്പ്യന്‍സ് ലീഗിനെത്തുന്നത്. ഹൈദരാബാദ് ടീം യോഗ്യതാ റൗണ്ട് കളിക്കുന്നുണ്ട്.
സെപ്തംബര്‍ 21 ന് സച്ചിന്റെ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം.
