മംഗോളിയയുടെ വികസനത്തിൽ ഇന്ത്യ വിശ്വസ്ത പങ്കാളി: നരേന്ദ്ര മോദി
India
മംഗോളിയയുടെ വികസനത്തിൽ ഇന്ത്യ വിശ്വസ്ത പങ്കാളി: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 10:06 pm

ന്യൂദൽഹി: മംഗോളിയൻ പ്രസിഡന്റ് ഖുറെൽസുഖ് ഉഖ്‌നയുമായുള്ള ചർച്ചകൾക്ക് ശേഷം മംഗോളിയയുടെ വികസനത്തിൽ ഇന്ത്യയൊരു വിശ്വസ്ത പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രസിഡന്റായ ശേഷം ആദ്യമായാണ് ഖുറെൽസുഖ് ഉഖ്‌ന ഇന്ത്യയിലെത്തുന്നത്. ഊർജം, പ്രതിരോധം, ആരോഗ്യം, ഐ.ടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലടക്കം ചർച്ച നടത്തി.

ന്യൂദൽഹിയിൽ വെച്ച് നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇന്ത്യയും മംഗോളിയയും ഇന്ന് (ചൊവ്വ) പത്ത് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

മാനുഷിക സഹായം, മംഗോളിയയിലെ പൈതൃക സ്ഥലങ്ങളുടെ പുനഃസ്ഥാപനം, കുടിയേറ്റം, ഭൂമിശാസ്ത്രം, ധാതു വിഭവങ്ങൾ എന്നിവയിലെ സഹകരണം, സഹകരണ സംഘങ്ങളുടെ പ്രോത്സാഹനം, ഡിജിറ്റൽ പരിഹാരങ്ങളുടെ കൈമാറ്റം എന്നിവയാണ് ധാരണാപത്രങ്ങളിലുള്ളത്.

നൂറ്റാണ്ടുകളുടെ ബുദ്ധമത പാരമ്പര്യമുള്ള ഇന്ത്യയെയും മംഗോളിയയെയും ആത്മീയ സഹോദരങ്ങളെന്നായിരുന്നു മോദി വിശേഷിപ്പിച്ചിരുന്നത്.

വിനിമയങ്ങളും വ്യാപാരങ്ങളും വർധിപ്പിക്കുന്നതിനായി മംഗോളിയൻ പൗരന്മാർക്ക് സൗജന്യ ഇ-വിസകളും മോദി പ്രഖ്യാപിച്ചു.

‘സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ ഇൻഡോ- പസഫിക്കിനെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര വേദികളിൽ ഞങ്ങൾ അടുത്ത പങ്കാളികളായി നിലകൊള്ളും. ഗ്ലോബൽ സൗത്തിന്റെ ശബ്ദം വർധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും,’ മോദി പറഞ്ഞു.

1.7 ബില്യൺ യു.എസ് ഡോളറിന്റെ വായ്പാ പിന്തുണയോടെ ഇന്ത്യ ധനസഹായം നൽകുന്ന എണ്ണ ശുദ്ധീകരണ പദ്ധതി മംഗോളിയയുടെ ഊർജ സുരക്ഷയെ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു.

അതേസമയം എണ്ണ ശുദ്ധീകരണ പദ്ധതിക്ക് ഇന്ത്യ നൽകിയ സമഗ്ര പിന്തുണയ്ക്ക് ഖുറെൽസുഖ് ഉഖ്‌ന ഇന്ത്യയോട് നന്ദി അറിയിച്ചിരുന്നു. 1955ലാണ് ഇന്ത്യയും മംഗോളിയയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമാകുന്നത്.

Content Highlight: India is a trusted partner in Mongolia’s development: Narendra Modi