ത്രീ ലയണ്‍സിനെ ചാരമാക്കി ഇന്ത്യ ഫൈനലില്‍!
Cricket
ത്രീ ലയണ്‍സിനെ ചാരമാക്കി ഇന്ത്യ ഫൈനലില്‍!
ശ്രീരാഗ് പാറക്കല്‍
Thursday, 5th March 2026, 11:12 pm

2026 ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ക്രിക്കറ്റ് പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ ത്രില്ലിങ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ബാറ്റര്‍ ജേക്കബ് ബഥേലിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലും ത്രീ ലയണ്‍സിന് വിജയം എത്തിപ്പിടിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ത്രീ ലയണ്‍സിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബഥേല്‍ 48 പന്തില്‍ നിന്ന് ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 105 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയെങ്കിലും ഇന്ത്യയ്ക്ക് ഡെത്ത് ഓവറില്‍ ജസ്പ്രീത് ബുംറയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും മിന്നും ബൗളിങ് ഇന്ത്യയ്ക്ക് തുണയാകുകയായിരുന്നു. ബഥേലിന് പുറമെ വില്‍ ജാക്‌സ് 35 റണ്‍സും ബട്‌ലര്‍ 25 റണ്‍സും നേടിയിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മത്സരത്തില്‍ ഒരു നിര്‍ണായക ക്യാച്ച് സ്വന്തമാക്കാന്‍ അക്‌സറിന് സാധിച്ചിരുന്നു. മാത്രമല്ല ഒരു മികച്ച ക്യാച്ചിന് സഹായിക്കാനും താരത്തിന് കഴിഞ്ഞു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ താരവും ഓപ്പണറുമായ സഞ്ജു സാംസനാണ്. 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. വില്‍ ജാക്‌സിന്റെ പന്തിലായിരുന്നു താരം മടങ്ങിയത്.

മത്സരത്തില്‍ സഞ്ജുവിന് പുറമെ മികച്ച പ്രകടനം പുറത്തെടുത്തത് ശിവം ദുബെയാണ്. 25 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. റണ്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു താരം.

ഇഷാന്‍ കിഷന്‍ 18 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അവസാന ഘട്ടത്തില്‍ 12 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യ മികവ് പുലര്‍ത്തി. ഏഴ് പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 21 റണ്‍സ് നേടി തിലകും തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി വില്‍ ജാക്‌സും ആദില്‍ റഷീദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചറിന് ഒരു വിക്കറ്റും നേടാനായി. ഇന്നിങ്‌സില്‍ 61 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്.

Content Highlight: India Into The Final In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ