നാണക്കേടിന്റെ ഓള്‍ ഔട്ട് ചരിത്രത്തില്‍ ഇന്ത്യയും; ജീവന്‍മരണ പോരാട്ടത്തിന് 'അയ്യര്‍പ്പട'
Cricket
നാണക്കേടിന്റെ ഓള്‍ ഔട്ട് ചരിത്രത്തില്‍ ഇന്ത്യയും; ജീവന്‍മരണ പോരാട്ടത്തിന് 'അയ്യര്‍പ്പട'
ശ്രീരാഗ് പാറക്കല്‍
Thursday, 9th July 2026, 11:30 am

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ബ്രിസ്റ്റലില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. നിലവില്‍ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്.

ഇന്ത്യ

ഇതിന് പുറമെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഓവറിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗതയില്‍ പുറത്താകുന്ന നാലാമത്തെ ടീമായിരിക്കുകയാണ് ഇന്ത്യ. ഈ ലിസ്റ്റില്‍ ബംഗ്ലാദേശാണ് ഏറ്റവും മുന്നില്‍. 2021ല്‍ ഓക്‌ലാന്‍ഡില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 9.3 ഓവറില്‍ ബംഗ്ലാദേശ് പുറത്തായിരുന്നു.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഓവറിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗതയില്‍ പുറത്താകുന്ന ടീം

(ടീം, എതിരാളി, വര്‍ഷം, ഓവര്‍ എന്ന ക്രമത്തില്‍)

ബംഗ്ലാദേശ് VS ന്യൂസിലാന്‍ഡ് – 9.3 – 2021

ഇംഗ്ലണ്ട് VS ഇന്ത്യ – 10.3 – 2025

അയര്‍ലാന്‍ഡ് VS അഫ്ഗാനിസ്ഥാന്‍ – 11.0 – 2022

ഇന്ത്യ VS ഇംഗ്ലണ്ട് – 11.4 – 2026

വെസ്റ്റ് ഇന്‍ഡീസ് VS സൗത്ത് ആഫ്രിക്ക – 11.5 – 2024

ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ചരിത്ര തോല്‍വി വഴങ്ങി ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെത്തിയിട്ടും ഇന്ത്യയ്ക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ അയ്യര്‍ക്ക് നാലാം മത്സരം ഏറെ നിര്‍ണായകമാണ്. ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടാല്‍ വീണ്ടും തിരിച്ചടികളാണ് ടീമിനെയും അയ്യരെയും കാത്തിരിക്കുന്നത്.

 

Content Highlight: India In Unwanted Record List; Shreyas Iyer In Crucial Stage

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ