ത്രീ ലയണ്‍സിന്റെ എല്ലൊടിച്ച് വിട്ടിട്ടുണ്ട്... ടി-20 ലോകകപ്പ് ചരിത്രം തിരുത്തി ഇന്ത്യയുടെ താണ്ഡവം
Cricket
ത്രീ ലയണ്‍സിന്റെ എല്ലൊടിച്ച് വിട്ടിട്ടുണ്ട്... ടി-20 ലോകകപ്പ് ചരിത്രം തിരുത്തി ഇന്ത്യയുടെ താണ്ഡവം
ശ്രീരാഗ് പാറക്കല്‍
Thursday, 5th March 2026, 9:22 pm

2026 ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ത്രീ ലയണ്‍സിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് നോക്ക് ഔട്ടില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ താരവും ഓപ്പണറുമായ സഞ്ജു സാംസനാണ്. 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. വില്‍ ജാക്‌സിന്റെ പന്തിലായിരുന്നു താരം മടങ്ങിയത്.

മത്സരത്തില്‍ സഞ്ജുവിന് പുറമെ മികച്ച പ്രകടനം പുറത്തെടുത്തത് ശിവം ദുബെയാണ്. 25 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. റണ്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു താരം.

ഇഷാന്‍ കിഷന്‍ 18 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അവസാന ഘട്ടത്തില്‍ 12 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യ മികവ് പുലര്‍ത്തി. ഏഴ് പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 21 റണ്‍സ് നേടി തിലകും തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി വില്‍ ജാക്‌സും ആദില്‍ റഷീദും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചറിന് ഒരു വിക്കറ്റും നേടാനായി. ഇന്നിങ്‌സില്‍ 61 റണ്‍സാണ് ആര്‍ച്ചര്‍ വഴങ്ങിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് നേടി. അഞ്ച് റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അകസര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

Content Highlight: India In Great Record Achievement In T20 World Cup Knock out Match

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ