രോഹിത്തിന് പകരം സൂര്യ വന്നെന്ന് മാത്രം! എട്ടില്‍ അഞ്ച് ലോകകപ്പും ഇന്ത്യയുടെ കയ്യില്‍ തന്നെ
Sports News
രോഹിത്തിന് പകരം സൂര്യ വന്നെന്ന് മാത്രം! എട്ടില്‍ അഞ്ച് ലോകകപ്പും ഇന്ത്യയുടെ കയ്യില്‍ തന്നെ
ആദര്‍ശ് എം.കെ.
Wednesday, 11th March 2026, 1:49 pm

 

2026 ഐ.സി.സി ടി-20 ലോകകപ്പും തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ത്തുവെച്ച് ഇന്ത്യ നേട്ടങ്ങളുടെ കൊടുമുടി കീഴടക്കുകയാണ്. സ്വന്തം മണ്ണില്‍ കിരീടം നേടിയ ആദ്യ ടീം എന്ന നേട്ടത്തിനൊപ്പം ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി കിരീടം നിലനിര്‍ത്തിയ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

നിലവിലെ ആകെയുള്ള എട്ട് ഐ.സി.സി കിരീടങ്ങളില്‍ അഞ്ചും ഇന്ത്യയുടെ കൈവശം തന്നെയാണ്. ടി-20 ലോകകപ്പിന് പുറമെ വനിതാ ഏകദിന ലോകകപ്പ്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി, പുരുഷ-വനിതാ അണ്ടര്‍ 19 ലോകകപ്പുകള്‍ എന്നിവയാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടി-20 ലോകകപ്പുമായി ഇന്ത്യ

2025ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ മേജര്‍ ട്രോഫി സ്വന്തമാക്കിയത്.

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ കിരീടവുമായി ഹര്‍മനും സംഘവും

മത്സരത്തില്‍ 52 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 289 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് വനിതകള്‍ 246ലൊതുങ്ങി.

അപരാജിതരായാണ് ഇന്ത്യന്‍ പുരുഷ ടീം 2025 ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടമണിഞ്ഞത്.

മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി

അണ്ടര്‍ 19 പുരുഷ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നൂറ് റണ്‍സിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ വിജയം. വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറി (80 പന്തില്‍ 175) കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 311ന് പുറത്താവുകയായിരുന്നു.

അണ്ടര്‍ 19 കിരീടവുമായി ആയുഷ് മാഹ്‌ത്രെയും സംഘവും

സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടത്. നിക്കി പ്രസാദിന്റെ നേതൃത്വത്തില്‍ ഒമ്പത് വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്.

ക്വാലാലംപൂരില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 82 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 52 പന്ത് ശേഷിക്കെ വിജയവും കിരീടവും പിടിച്ചെടുക്കുകയായിരുന്നു.

നിക്കി പ്രസാദിന്‍റെ പെണ്‍പട

ഓസ്‌ട്രേലിയയാണ് പുരുഷ ഏകദിന ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ തന്നെ തോല്‍പ്പിച്ചാണ് ഓസീസ് തങ്ങളുടെ ആറാം ലോകകപ്പില്‍ മുത്തമിട്ടത്.

കങ്കാരുക്കളുടെ ആറാം കിരീടം

ന്യൂസിലാന്‍ഡാണ് നിലവിലെ ഐ.സി.സി വനിതാ ടി-20 ലോകകപ്പ് ജേതാക്കള്‍. 2024ല്‍ ദുബായില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് സോഫി ഡിവൈനും സംഘവും കപ്പുയര്‍ത്തിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126ലൊതുങ്ങി.

കിരീടവുമായി വെെറ്റ് ഫേണ്‍സ്

ഈ മില്ലേനിയത്തിലെ ആദ്യ ഐ.സി.സി കിരീടമാണ് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രൂപത്തില്‍ സൗത്ത് ആഫ്രിക്ക കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. ലോര്‍ഡ് ബാവുമയുടെ കീഴിലിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മുമ്പില്‍, കിരീടം നിലനിര്‍ത്താനിറങ്ങിയ മൈറ്റി ഓസീസ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു.

ലോകം കീഴടക്കി സൗത്ത് ആഫ്രിക്ക

ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു സൗത്ത് ആഫ്രിക്കയുടെ തിരിച്ചുവരവ്. ഏയ്ഡന്‍ മര്‍ക്രമിന്റെ സെഞ്ച്വറിയും തെംബ ബാവുമയുടെ അര്‍ധ സെഞ്ച്വറിയുമാണ് പ്രോട്ടിയാസിന് കിരീടം സമ്മാനിച്ചത്.

 

Content Highlight: India holds five of the current eight ICC titles.

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.