ഇത്തവണയും കപ്പ് ഇന്ത്യയ്ക്ക് തന്നെ; ഒന്നും രണ്ടുമല്ല, ചരിത്രം നല്‍കുന്ന സൂചനകളേറെയാണ്!
Cricket
ഇത്തവണയും കപ്പ് ഇന്ത്യയ്ക്ക് തന്നെ; ഒന്നും രണ്ടുമല്ല, ചരിത്രം നല്‍കുന്ന സൂചനകളേറെയാണ്!
ഫസീഹ പി.സി.
Friday, 6th March 2026, 4:15 pm

2026 ടി – 20 ലോകകപ്പ് അവസാനത്തോടെ അടുക്കുകയാണ്. ഇനി ഫൈനലും കേവലം രണ്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. 20 ടീമുകളുണ്ടായിരുന്ന ലോകകപ്പിപ്പോള്‍ ഇന്ത്യയിലേക്കും ന്യൂസിലാന്‍ഡിലേക്കും ചുരുങ്ങിയിരിക്കുന്നു.

മാര്‍ച്ച് എട്ടിന് ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക. കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുന്നതിനൊപ്പം തന്നെ മൂന്നാം കിരീടവും നേടിയെടുക്കുക എന്നത് കൂടിയാണ് നീലപ്പടയുടെ ലക്ഷ്യം. മറുവശത്ത് കന്നി കിരീടം സ്വപ്നം കണ്ടാണ് കിവീസ് അവസാനയങ്കത്തിന് കോപ്പുകൂട്ടുന്നത്.

രണ്ട് ദിവസങ്ങള്‍ക്കപ്പുറമാണ് ഫൈനലെങ്കിലും ആരായിരിക്കും കപ്പുയര്‍ത്തുക എന്ന ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസത്തെ സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ തന്നെ ആരാധകര്‍ വലിയ സന്തോഷത്തിലാണ്.

അതിനൊരു കാരണമുണ്ട്. 2016 മുതല്‍ രണ്ടാം സെമി ഫൈനലില്‍ ജയിച്ച ടീമുകള്‍ കപ്പുയര്‍ത്തിയതെന്ന ചരിത്രം തന്നെയാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ആ വര്‍ഷത്തില്‍ രണ്ടാം സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ വെസ്റ്റ് ഇന്‍ഡീസ് കിരീടമുയര്‍ത്തി. 2021ല്‍ ഓസീസും 2022ല്‍ ഇംഗ്ലണ്ടും ഈ ട്രെന്‍ഡ് ആവര്‍ത്തിച്ചു.

2016 ലോകകപ്പുമായി വെസ്റ്റ് ഇൻഡീസ്. Photo: ICC.com

2024ല്‍ രണ്ടാം സെമിയിലൂടെ ഫൈനലില്‍ എത്തിയ ഇന്ത്യയും കിരീടമണിഞ്ഞ് ജേതാക്കളായി. ഇതാണ് ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കുന്നത്. എന്നാല്‍ ഇതുമാത്രമല്ല, മറ്റ് ചില ഘടകങ്ങള്‍ കൂടി ഈ പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നുണ്ട്.

അതില്‍ ഒന്നാണ് സിംബാബ്‌വേയോടുള്ള ഓസീസിന്റെ തോല്‍വി. ലോകകപ്പുകളില്‍ സിംബാബ്വേ കങ്കാരുക്കളെ പരാജയപ്പെടുത്തിയപ്പോഴെല്ലാം തന്നെ ഇന്ത്യ കിരീടമണിഞ്ഞിരുന്നു. 1983ല്‍ ഷെവറോണ്‍സ് കങ്കാരുക്കളെ പരാജയപ്പെടുത്തിയപ്പോളാണ് ഈ ട്രെന്‍ഡിന് തുടക്കമായത്.

ആ വര്‍ഷം ഏകദിന ലോകകപ്പില്‍ കപില്‍ ദേവിന്റെ ഇന്ത്യ ആദ്യ കിരീടം ചൂടി. പിന്നീട് ഓസീസ് ഷെവറോണ്‍സിന് മുന്നില്‍ 2007 ലോകകപ്പിലും വീണു. അന്നും ഇന്ത്യ തന്നെയാണ് കപ്പുയര്‍ത്തിയത്.

2011 ഏകദിന ലോകകപ്പുമായി ഇന്ത്യ. Photo: ICC.com

സൗത്ത് ആഫ്രിക്കയോടേറ്റ ഇന്ത്യയുടെ തോല്‍വിയാണ് മറ്റൊരു പ്രതീക്ഷ നല്‍കുന്ന ഘടകം. 2011 ഏകദിന ലോകകപ്പിനിടെ ഗ്രൂപ്പ് സ്റ്റേജില്‍ പ്രോട്ടിയാസിനോട് ധോണിയുടെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്ന് ഇന്ത്യ രണ്ടാം ഒ.ഡി.ഐ ലോകകപ്പ് സ്വന്തമാക്കി. ഇപ്പോള്‍ മറ്റൊരു ലോകകപ്പിലും നീലപ്പട പ്രോട്ടിയാസിന് മുന്നില്‍ മുട്ടുകുത്തി. ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ ഇന്ത്യ കിരീടം സ്വന്തമാക്കാം.

ഇന്ത്യ കിരീടം നേടിയ വര്‍ഷങ്ങളിലെല്ലാം ടീമില്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു ഘടകം. മെന്‍ ഇന്‍ ബ്ലൂ 1983, 2011 ഏകദിന ലോകകപ്പും 2007, 2024 ടി – 20 ലോകകപ്പും സ്വന്തമാക്കി. 1983ല്‍ സുനില്‍ വത്സനും 2007ലും 2011ലും എസ്. ശ്രീശാന്തുമായിരുന്നു ടീമിലെ മലയാളികള്‍.

2024ല്‍ കിരീടം ചൂടിയപ്പോള്‍ സഞ്ജുവും ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും മലയാളി സാന്നിധ്യമായി സഞ്ജു തന്നെയാണുള്ളത്. താരം മികച്ച ഫോമില്‍ നില്‍ക്കുന്ന ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കപ്പെടുക്കാന്‍ സാധിച്ചാല്‍ ആരാധകര്‍ക്ക് അതില്പരം ആഹ്ലാദം മറ്റൊന്നുമില്ല.

Content Highlight: India have high probability to lift T20 World Cup if the history repeat

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി