സഞ്ജു തിളങ്ങിയാല്‍ ജയിക്കുന്ന ഇന്ത്യ, അഥവാ നൂറ് ശതമാനം വിജയം! ലോകകപ്പില്‍ മാത്രമല്ല, ടീമിന്റെ ചരിത്രം തന്നെ അതാണ്
T20 world cup
സഞ്ജു തിളങ്ങിയാല്‍ ജയിക്കുന്ന ഇന്ത്യ, അഥവാ നൂറ് ശതമാനം വിജയം! ലോകകപ്പില്‍ മാത്രമല്ല, ടീമിന്റെ ചരിത്രം തന്നെ അതാണ്
ആദര്‍ശ് എം.കെ.
Saturday, 7th March 2026, 7:34 am

 

2026 ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ മൂന്നാം കിരീടമെന്ന ആരാധകരുടെ സ്വപ്‌നവും ചുമലിലേറ്റിയാണ് സഞ്ജു സാംസണ്‍ എന്ന ഒമ്പതാം നമ്പറുകാരന്‍ ക്രീസിലെത്തുന്നത്. ടീം മാനേജ്‌മെന്റ് തുടര്‍ച്ചയായി അവഗണിക്കുമ്പോഴും നിര്‍ണായകമായ രണ്ട് മത്സരത്തിലും ടോപ്പ് സ്‌കോററും പ്ലെയര്‍ ഓഫ് ദി മാച്ചുമായി സഞ്ജു വിമര്‍ശകരുടെ വായടപ്പിക്കുകയാണ്.

ഓപ്പണിങ്ങില്‍ ഈ വലംകയ്യന്‍ ബാറ്റര്‍ സെറ്റ് ചെയ്യുന്ന പേസ് ടീമിന്റെ ടോട്ടലില്‍ എല്ലായ്‌പ്പോഴും നിര്‍ണായകമായിരുന്നു. അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണിങ്ങില്‍ ബാറ്റെടുത്തപ്പോഴാണ് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ആദ്യമായി ഇരട്ടയക്കം കണ്ടത്.

സൂര്യയും സംഘവും സിംബാബ്‌വേയ്‌ക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോഴും ഓപ്പണിങ്ങില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പ്രകടനം തന്നെയാണ് ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

സഞ്ജു സാംസണ്‍. Photo: BCCI

വിന്‍ഡീസിനും ത്രീ ലയണ്‍സിനുമെതിരായ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ സഞ്ജുവിനെ ടീമിന്റെ വിജയശില്‍പിയുമാക്കി.

ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയപ്പോള്‍ സഞ്ജു 25ലധികം റണ്‍സ് നേടിയ ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യയ്ക്ക് പരാജയം രുചിക്കേണ്ടി വന്നിട്ടില്ല എന്നതാണ് ആരെയും അമ്പരപ്പിക്കുന്ന വസ്തുത. 16 തവണയാണ് സഞ്ജു ടി-20യില്‍ 25ലധികം റണ്‍സ് നേടിയത്. ഈ മത്സരത്തിലെല്ലാം തന്നെ ഇന്ത്യ തന്നെയാണ് വിജയിച്ചതും. സഞ്ജു തിളങ്ങിയാല്‍ ഇന്ത്യ വിജയിക്കുമെന്ന് സാരം.

സഞ്ജു സാംസണ്‍

അന്താരാഷ്ട്ര ടി-20ില്‍ സഞ്ജു സാംസണിന്റെ ഉയര്‍ന്ന സ്‌കോര്‍

111 vs ബംഗ്ലാദേശ് (വിജയം)

109* vs സൗത്ത് ആഫ്രിക്ക (വിജയം)

107 vs സൗത്ത് ആഫ്രിക്ക (വിജയം)

97* vs വെസ്റ്റ് ഇന്‍ഡീസ് (വിജയം)

89 vs ഇംഗ്ലണ്ട് (വിജയം)*

77 vs അയര്‍ലന്‍ഡ് (വിജയം)

58 vs സിംബാബ്‌വേ (വിജയം)

56 vs ഒമാന്‍ (വിജയം)

40 vs അയര്‍ലന്‍ഡ് (വിജയം)

39 vs ശ്രീലങ്ക (വിജയം)

39 vs ശ്രീലങ്ക (വിജയം)

37 vs സൗത്ത് ആഫ്രിക്ക (വിജയം)

30* vs വെസ്റ്റ് ഇന്‍ഡീസ് (വിജയം)

29 vs ബംഗ്ലാദേശ് (വിജയം)

27 vs ശ്രീലങ്ക (വിജയം)

26 vs ഇംഗ്ലണ്ട് (വിജയം)

ഇതിനൊപ്പം തന്നെ മറ്റൊരു നേട്ടവും സഞ്ജുവിന്റെ പേരിലുണ്ട്. ടീം വിജയിച്ച മത്സരങ്ങളില്‍ ഏറ്റവുമധികം തവണ 30+ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് സഞ്ജുവിന്റെ പേരിലുള്ളത്. 13 തവണ സഞ്ജു 30+ റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ വിജയിച്ചു. പത്ത് തവണ ഈ നേട്ടത്തിലെത്തിയ യശസ്വി ജെയ്‌സ്വാളാണ് ഈ നേട്ടത്തില്‍ രണ്ടാമന്‍. പാക് താരം മുഹമ്മദ് ഹാരിസാണ് ലിസ്റ്റില്‍ മൂന്നാമതുള്ളത്.

നാളെ (മാര്‍ച്ച് 8)യാണ് ഇന്ത്യ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്നത്. അഹമ്മദാബാദാണ് വേദി. ആദ്യ സെമി ഫൈനല്‍ വിജയിച്ചെത്തിയ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

ലോകകപ്പില്‍ തങ്ങളുടെ നാലാം ഫൈനലിനാണ് ഇന്ത്യയൊരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച മൂന്നില്‍ രണ്ടിലും ഇന്ത്യ ജയം സ്വന്തമാക്കുകയും കിരീടം ചൂടുകയും ചെയ്തിരുന്നു. ഞായറാഴ്ച കിവികള്‍ക്കെതിരെ വിജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി മൂന്ന് കിരീടം നേടുന്ന ടീം എന്ന നേട്ടവും ആദ്യമായി കിരീടം നിലനിര്‍ത്തിയ ടീം എന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

 

Content highlight: India has won whenever Sanju Samson has scored 25+ runs in T20Is

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.