2026 ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. 50 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.
ഇതോടെ ഒരു റെക്കോഡ് ലിസ്റ്റില്‍ സ്വന്തം പേര് വെട്ടി മുന്നേറാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ തവണ സെമി ഫൈനലില്‍ കടന്ന ടീം എന്ന സ്വന്തം റെക്കോഡാണ് ഇന്ത്യ തിരുത്തി മുന്നേറുന്നത്. 20ാം തവണയാണ് ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ കയറിയത്. ടി-20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നീ ഇവന്റിലാണ് ഇന്ത്യ തങ്ങളുടെ ആദിപത്യം തുടരുന്നത്.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ തവണ സെമി ഫൈനലില്‍ കടന്ന ടീം
ഇന്ത്യ – 20*
ഓസ്‌ട്രേലിയ – 18
ന്യൂസിലാന്‍ഡ് – 18
ഇംഗ്ലണ്ട് -16
പാകിസ്ഥാന്‍ – 16
സൗത്ത് ആഫ്രിക്ക – 15
ശ്രീലങ്ക – 11
വെസ്റ്റ് ഇന്‍ഡീസ് – 11
അഫ്ഗാനിസ്ഥാന്‍ – 1
ബംഗ്ലാദേശ് – 1
കെനിയ – 1
മത്സരത്തില്‍ സഞ്ജുവിന് പുറകെ തിലക് വര്‍മ 15 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ 18 റണ്‍സുമായാണ് മടങ്ങിയത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ 17 റണ്‍സിനാണ് കൂടാരം കയറിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ 10 റണ്‍സിനും പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡറും ഷമര്‍ ജോസഫും രണ്ട് വിക്കറ്റ് വീതവും അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
A huge performance from Sanju Samson when India needed it most 🌟
വിന്‍ഡീസിന് വേണ്ടി 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചെയ്‌സാണ് ടോപ് സ്‌കോറര്‍. 19 പന്തില്‍ 34* റണ്‍സ് നേടിയ റോവ്മാന്‍ പവലും 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായി ഹോപ്പും തിളങ്ങി. ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍കള്‍ വീഴ്ത്തി ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും തിളങ്ങി.
അതേസമയം സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേിരടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
Content Highlight: India has reached the semi-finals the most times in ICC tournaments